കോട്ടയം: കോട്ടയത്ത് ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജില്ല പൊലീസ് മേധാവി ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കർണാടക ബാങ്കിന്റെ ഭീഷണിയെ തുടർന്ന് കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു കെ.സി. (50) ഇന്നലെ ഉച്ചയോടെയാണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസത്തെ കുടിശ്ശിക വന്നതിന്റെ പേരിൽ ബാങ്ക് ജീവനക്കാരനായ പ്രദീപ് നിരന്തരം
ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം വ്യക്തമാക്കി.
ബിനുവിന്റെ മൃതദേഹവുമായിട്ടാണ് ബന്ധുക്കൾ പ്രതിഷേധം നടത്തിയത്. കർണാടക ബാങ്കിന്റെ കോട്ടയം ബ്രാഞ്ചിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഒപ്പം വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധവുമായെത്തി. കലക്ടറോ എസ്പി യോ വരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പ്രവർത്തകർ പോലീസ് ബാരിക്കേഡും മറികടന്ന് ബാങ്ക് കോമ്പൗണ്ടിലേക്ക് ഇറച്ചുകയറി, ബാങ്കിന് നേരെ അക്രമസംഭവങ്ങളുണ്ടായി. ഏകദേശം 12 മണിയോടെ ആരംഭിച്ച പ്രതിഷേധം ഒന്നരമണിക്കൂർ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല എന്നും ആക്ഷേപമുണ്ട്. എം എൽ എ തിരുവഞ്ചൂർ രാധാകൃഷണനും സ്ഥലത്ത് എത്തിയിരുന്നു.
എസ്പി സ്ഥലത്തെത്തിയതിനെ തുടർന്ന് മന്ത്രി വി.എൻ. വാസവൻ എസ് പിയുമായി സംസാരിച്ചു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് മന്ത്രി നിർദേശം നൽകി. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം കോട്ടയം ഡിവൈഎസ്പി ആയിരിക്കും അന്വേഷിക്കുക.
കർണാടക ബാങ്കിന്റെ ഭീഷണിയെ തുടർന്ന് ഇന്നലെ ഉച്ചയോടെ ആണ് കുടയംപടി സ്വദേശിയായ ബിനു ജീവനൊടുക്കിയത്. രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ പ്രദീപ് നിരന്തരം ബിനുവിന്റെ കടയിൽ എത്തി ഭീഷണി മുഴക്കിയിരുന്നുവെന്ന് ബിനുവിന്റെ മകൾ നന്ദന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രദീപ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ചാൽ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും മകൾ നന്ദനയുടെ വെളിപ്പെടുത്തൽ.
കുടയംപടി ജങ്ഷനിൽ ചെരിപ്പ് കട നടത്തിയിരുന്ന ബിനു കടയിലേക്കുള്ള ആവശ്യത്തിന് വേണ്ടിയാണ് 5 ലക്ഷം രൂപ കർണാടക ബാങ്കിൽ നിന്നും വായ്പ എടുത്തത്. ഇതിന് മുമ്പും ബിനു ഇതേ ബാങ്കിൽ നിന്ന് രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. മാസം 14000 രൂപയാണ് അടവ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം പറഞ്ഞു.
നിർബന്ധിതമായി കടയിൽ നിന്ന് പണം എടുത്തുകൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പറയുന്നു. എല്ലാ ദിവസവും ബാങ്കിൽ നിന്നുള്ള ഒറു ഉദ്യോഗസ്ഥൻ കടയിൽ വന്നിരിക്കുമായിരുന്നു. ബാങ്ക് ജീവനക്കാരെ പേടിച്ച് കഴിയുന്ന അവസ്ഥയിലായിരുന്നു ബിനു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ബിനു വീട്ടിലെത്തി തൂങ്ങിമരിച്ചത്. ബിനുവിന് രണ്ട് പെൺമക്കളാണുള്ളത്.