തിരുവനന്തപുരം: ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.എസിനെ മന്ത്രിസഭയിൽ നിന്നും എൽ.ഡി.എഫിൽ നിന്നും പുറത്താക്കാതെ പിണറായി സര്‍ക്കാര്‍ ജനസദസ് എന്ന തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ തയാറെടുക്കുന്നതിലൂടെ സി.പി.എമ്മിന്റെ ഫാഷിസ്റ്റ്-സംഘ്പരിവാര്‍ അനൂകുല മനസ് പ്രകടമായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.ബി.ജെ.പി വിരുദ്ധത സി.പി.എമ്മിന് എന്നും അധരവ്യായാമം മാത്രമാണ്. സംഘ്പരിവാര്‍ വിരോധത്തില്‍ സി.പി.എമ്മിന് ആത്മാർഥത ഉണ്ടായിരുന്നെങ്കില്‍, ബി.ജെ.പി പാളയത്തിലെത്തിയ ജെ.ഡി.എസിനെ ഉടനെ മന്ത്രിസഭയില്‍ നിന്നും എൽ.ഡി.ഫില്‍ നിന്നും പുറത്താക്കുകയോ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് വരുന്നതുവരെ മാറിനില്‍ക്കാനോ ആവശ്യപ്പെടുമായിരുന്നു. അതിതുവരെ ഉണ്ടാവാത്തതിലൂടെ സംഘ്പരിവാര്‍ വിരോധികളാണ് തങ്ങളെന്ന് ന്യൂനപക്ഷങ്ങളെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തില്‍ വിള്ളലുണ്ടാക്കുന്ന സമീപനം സി.പി.എം സ്വീകരിക്കുന്നതും ഇതേ മാനോഭാവത്തോടെയാണെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.
സി.പി.എമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസ് മാത്രമാണ്. സി.പി.എമ്മിന് ബി.ജെ.പിയോട് ഒരിക്കലും അയിത്തം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ബി.ജെ.പി ഉന്നത സൗഹൃദത്തിന്റെ ഗുണഫലമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ പലതും ആവിയായിപ്പോയത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തിന്റെ നിഴലിനെ പോലും ഭയക്കുന്നത് സംഘമിത്രത്തോടുള്ള കൂറുകൊണ്ടാണ്. കരുവന്നൂരിലെ നിക്ഷേപതട്ടിപ്പില്‍ നടക്കുന്ന ഇ.ഡി അന്വേഷണത്തിന്റെ ഗതി വരുംദിവസങ്ങളില്‍ അറിയാം. സി.പി.എം-ബി.ജെ.പി ബന്ധം കൂടുതല്‍ ദൃഢമാക്കുന്ന ബൈപ്പാസായി ജെ.ഡി.എസിന്റെ ബി.ജെ.പി സഖ്യ പ്രവേശനം മാറും. അതിനാലാണ് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.എസിനെ കേരളത്തില്‍ ചുമക്കാന്‍ സി.പി.എം തീരുമാനിച്ചത്.
സി.പി.എമ്മിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനും പണം പിരിക്കാനും വേണ്ടിയുള്ള ഉപാധിയായി കേരളീയം, ജനസദസ് പരിപാടികളെ മാറ്റുകയാണ് ലക്ഷ്യം. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി കോടികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പിരിക്കുക എന്ന നിഗൂഢ ലക്ഷ്യമാണ് മന്ത്രിമാരുടെ മണ്ഡലപര്യടനത്തിന് പിന്നിലെ ഉദ്ദേശം. നാളിതുവരെ ജനങ്ങളിൽ നിന്നും അകലം പാലിച്ച എൽ.ഡി.എഫ് സര്‍ക്കാരും മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളോട് അമിത താല്‍പര്യം കാട്ടുന്നതിലെ പിന്നിലെ ചതി തിരിച്ചറിയാനുള്ള വിവേകം കേരള ജനതക്കുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.