ബംഗളൂരു: വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ അനുഭവപ്പെട്ടത്. മണിക്കൂറുകളാണ് വാഹനങ്ങൾ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയത്. ബ്ലോക്കിൽ കുടുങ്ങി കിടക്കുന്നതിനിടെ റിഷിവതാസ് എന്നയാൾ പിസ ഓർഡർ ചെയ്ത സംഭവമാണ് ഇപ്പോൾ വൈറലാവുന്നത്. ബംഗളൂരുവിലെ ഔട്ടർ റിങ് റോഡിലെ കുരുക്കിൽ നിൽക്കുമ്പോഴാണ് പിസ ഓർഡർ ചെയ്തത്.
അരമണിക്കൂറിനകം തന്നെ ഡോമിനോസ് എക്സിക്യൂട്ടീവ് പിസ ഡെലിവറി ചെയ്തു. ലൈവ് ലോക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് പിസയുടെ ഡെലിവറി നടത്തിയത്. ലൈവ് ലോക്കേഷൻ ഉപയോഗിച്ച് കൃത്യസമയത്ത് തന്നെ പിസയുടെ വിതരണം നടത്താൻ ഡോമിനോസിന്റെ വിതരണക്കാർക്ക് കഴിഞ്ഞുവെന്ന് വിഡിയോ പങ്കുവെച്ച റിഷിവതാസ് പറഞ്ഞു.
മൂന്ന് ലക്ഷത്തോളം പ്രതികരണങ്ങളാണ് വിഡിയോക്ക് ഇതുവരെ ലഭിച്ചത്. 30 മിനിറ്റിനുള്ളിൽ പിസ വിതരണം ചെയ്യുമെന്ന വാഗ്ദാനം ഡോമിനോസ് പാലിച്ചുവെന്ന് വിഡിയോക്ക് താഴെയുള്ള കമന്റുകളിലൊന്നിൽ പറയുന്നു. മൂന്നര ലക്ഷത്തോളം വാഹനങ്ങൾ നിരത്തിലെത്തിയതോടെയാണ് ബംഗളൂരുവിൽ വൻ കുരുക്കുണ്ടായത്. ഗതാഗത കുരുക്കിൽപ്പെട്ട് പല വാഹനങ്ങൾ തകരാറിലാവുകയും ചെയ്തു.












