ന്യൂഡല്‍ഹി: അപകീര്‍ത്തി പരാമര്‍ശത്തില്‍ ബി.ജെ.പി എം.പി മനേക ഗാന്ധിക്കെതിരെ നൂറ് കോടിയുടെ മാനനഷ്ട നോട്ടീസയച്ച് ഇര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍). എം.പിയുടെ പരാമര്‍ശം ഇസ്‌കോണ്‍ അംഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
അടുത്തിടെയായിരുന്നു ഇസ്‌കോണിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി ബി.ജെ.പി എം.പി മനേക ഗാന്ധി രംഗത്തെത്തിയത്. തങ്ങളുടെ ഗോശാലകളില്‍ നിന്നും പശുക്കളെ അറവുകാര്‍ക്ക് നല്‍കുന്ന ചതിയന്മാരാണ് ഇസ്‌കോണ്‍ എന്നായിരുന്നു മനേക ഗാന്ധിയുടെ പരാമര്‍ശം. അന്ധ്രാപ്രദേശിലെ ഇസ്‌കോണ്‍ ഗോശാല സന്ദര്‍ശിച്ചപ്പോള്‍ ആരോഗ്യമുള്ള പശുക്കളെയൊന്നും കണ്ടില്ലെന്നും എം.പി പറഞ്ഞിരുന്നു. ഗോശാലകളില്‍ പശുക്കിടാങ്ങള്‍ ഒന്നുപോലുമില്ല. അതിനര്‍ത്ഥം അവയെല്ലാം വില്‍ക്കപ്പെട്ടുവെന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പരാമര്‍ശം വ്യാപകമായി പ്രചരിച്ചതോടെ മനേക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്‌കോണ്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് കന്നുകാലികളുടെ ജീവന് വേണ്ടിയാണ്. അവരെ കശാപ്പുചെയ്യാന്‍ വിട്ടുനല്‍കാനല്ലെന്നായിരുന്നു അധികൃതരുടെ പ്രതികരണം.