ഡൽഹി: ആം ആദ്മി പാർട്ടി ഇൻഡ്യ സഖ്യത്തോട് പ്രതിജ്ഞാബദ്ധരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എ സുഖ്പാൽ സിങ് ഖൈറയുടെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.”ഇന്ത്യ സഖ്യത്തോട് ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്. ഒരു കാരണത്താലും സഖ്യത്തിൽ നിന്ന് വേർപിരിയില്ല. കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസ് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതായി മനസ്സിലാക്കുന്നു. അതിന്റെ വിശദാംശങ്ങൾ എന്റെ പക്കലില്ല, പഞ്ചാബ് പൊലീസ് പറയും” -അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുമെന്നും ഏതെങ്കിലും വ്യക്തിയെക്കുറിച്ചോ കേസിനെക്കുറിച്ചോ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ വ്യക്തി എത്ര വലുതായാലും ചെറുതായാലും പ്രശ്നമാകില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.സുഖ്പാൽ സിങ് ഖൈറയുടെ അറസ്റ്റ് പഞ്ചാബ് സർക്കാറിന്‍റെ പ്രതികാര രാഷ്ട്രീയമാണെന്നും പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
ബുധനാഴ്ചയാണ് കോൺഗ്രസ് എം.എൽ.എയായ സുഖ്പാൽ സിങ് ഖൈറയെ ലഹരി കേസിൽ അറസ്റ്റ് ചെയ്തത്. ബോലത് മണ്ഡലത്തിലെ എം.എൽ.എയായ ഖൈറയെ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം കേസ് മുമ്പ് തന്നെ സുപ്രീംകോടതി റദ്ദാക്കിയതാണെന്നാണ് ഖൈറ പ്രതികരിച്ചത്