ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി ഹൈദരാബാദിലെത്തിയ പാക്കിസ്ഥാന്‍ ടീമിനെ സ്വീകരിക്കുന്നതിനിടെ വിമാനത്താവളത്തില്‍ പാക് പതാക വീശി സ്വീകരിച്ചതിന് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാക് ടീമിന്‍റെ സൂപ്പര്‍ ആരാധകന്‍ മൊഹമ്മദ് ബഷീര്‍ എന്ന ബഷീര്‍ ചാച്ച. തന്നെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും സുരക്ഷാ കാരണങ്ങളാല്‍ പാക് പതാക വീശരുതെന്ന് അധികൃതര്‍ ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും ബഷീര്‍ ചാച്ച സ്പോര്‍ട് സ്റ്റാറിനോട് പറഞ്ഞു. പാക് പതാക വീശിയതിന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബഷീര്‍ ചാച്ചയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെന്ന് ഇന്നലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ പാക് ടീം എത്തിയപ്പോള്‍ പാക് പതാക വീശിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തന്നോട് പതാക വീശരുതെന്നും സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്നും അറിയിച്ചു. പതാക അവര്‍ വാങ്ങിക്കൊണ്ടുപോകുകയും പാക് ടീം വിമാനത്താവളത്തില്‍ നിന്ന് പോയതിന് പിന്നാലെ പതാക തിരികെ തരികയും ചെയ്തുവെന്നും ബഷീര്‍ ചാച്ച പറഞ്ഞു. ഇന്ത്യയില്‍ തനിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും ചാച്ച വ്യക്തമാക്കി. ബുധനാഴ്ചയാണ് ലാഹോറില്‍ നിന്ന് ദുബായ് വഴി പാക് ടീം ഹൈദരാബാദിലെത്തിയത്. ഇന്നലെ പാക് ടീം ആദ്യ സന്നാഹ മത്സരം കളിക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള സന്നാഹ മത്സരം നടന്നത്.
ദീര്‍ഘകാലമായി പാക് ടീമിന്‍ ആരാധകനായ ബഷീര്‍ ചാച്ച പാക് ടീം പോകുന്ന ഇടങ്ങളിലെല്ലാം കൂടെ സഞ്ചരിക്കാറുണ്ട്. ഇന്ത്യയിലെത്തിയപ്പോള്‍ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും നല്ല സ്വീകരണം നല്‍കിയതിന് ഇന്ത്യന്‍ ആരാധകര്‍ക്കും ഹൈദരാബാദിലെ ആരാധകര്‍ക്കും നന്ദി പറയുന്നുവെന്നും ചാച്ച പറഞ്ഞു.