ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബുധനാഴ്ച കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കിഷോര്‍ ഉപാധ്യായയെ ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ കോണ്‍ഗ്രസ് പുറത്തുവിട്ട മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലും കിഷോര്‍ ഉപാധ്യായ ഇടം പിടിച്ചിരുന്നില്ല. ഇതോടെ കിഷോര്‍ ഉപാധ്യായ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ശക്തമായിരുന്നു. ബിജെപിയുമായും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി കിഷോര്‍ ഉപാധ്യായ നിരന്തരം ആശയവിനിമയം നടത്തുന്നതായി ഉത്തരാഖണ്ഡ് പിസിസി ചുമതലയുള്ള ദേവേന്ദര്‍ യാദവ് അദ്ദേഹത്തിനയച്ച കത്തില്‍ ആരോപിച്ചിരുന്നു. നിരവധി മുന്നറിയിപ്പുകള്‍ക്കു ശേഷമാണ് പാര്‍ട്ടി നടപടിയെന്നായിരുന്നു കോണ്‍ഗ്രസ് വിശദീകരണം. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കിയ നടപടി പിന്‍വലിക്കണമെന്ന് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങാന്‍ നേതൃത്വം തയാറായിരുന്നില്ല.
45 വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിട്ടും താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടി മനസിലാക്കിയില്ലെന്ന് ബിജെപിയില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെ കിഷോര്‍ ഉപാധ്യായ ഡെറാഡൂണില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തനിക്ക് സീറ്റ് നല്‍കണമോ എന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മൂന്നിന് കേന്ദ്രമന്ത്രിയും ഉത്തരാഖണ്ഡില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷിയുമായി കിഷോര്‍ ഉപാധ്യായ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായ ഉപാധ്യായയുടെ ചുവടുമാറ്റം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. ഫെബ്രുവരി 14 നാണ് ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും. 2002 ലും 2007 ലും വിജയിച്ച തെഹ്രി നിയോജക മണ്ഡലത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ കിഷോര്‍ ഉപാധ്യായ ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.