ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ അധ്യാപകനെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ വെടിവെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കോച്ചിംങ് സെന്‍ററിലെ തർക്കത്തിന്‍റെ പേരിലാണ് കുട്ടികള്‍ അധ്യാപകനെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസം പതിനേഴും പതിനാറും വയസ്സുള്ള രണ്ട് കുട്ടികള്‍ അറസ്റ്റിലായിരുന്നു. ഗ്യാങ്‌സ്റ്റർ സിനിമകൾ കണ്ട ആവേശത്തിൽ സ്വയം ഗ്യാങ്‌സ്റ്റർ ആണെന്ന് വിശ്വസിച്ചാണ് പതിനേഴും പതിനാറും വയസ്സുള്ള കുട്ടികൾ സ്വന്തം അധ്യാപകനെ വെടിവെച്ചത്.
അധ്യാപകനെ വെടിവെച്ച ശേഷം ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഇവർ റെക്കോർഡ് ചെയ്ത ഭീഷണി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോച്ചിങ് സെന്‍റര്‍ അധ്യാപകനായ സുമിതിന്‍റെ സഹോദരനുമായി ഉണ്ടായ തർക്കമാണ് അക്രമം നടത്താൻ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്ലാസ്സ് നടക്കുന്നതിനിടെയാണ് സുമിതിനെ പുറത്തേക്ക് വിളിപ്പിച്ച്, ഇതേ സെന്ററിലെ വിദ്യാർത്ഥികളായ കുട്ടികൾ കാലിൽ വെടിവച്ചത്. ഉടൻ തന്നെ ബൈക്കിൽ കയറി ഇവർ സ്ഥലം വിട്ടു.
കുറച്ച് ദൂരം സഞ്ചരിച്ച ശേഷം വണ്ടി നിർത്തി ഇവർ റെക്കോർഡ് ചെയ്ത വീഡിയോ ആണ് പൊലീസിന് സഹായകരമായത്. അസഭ്യവർഷങ്ങൾ നിറഞ്ഞ വീഡിയോയിൽ , അധ്യാപകനെ 40 ബുള്ളറ്റ് ഉപയോഗിച്ച് വെടിവെയ്ക്കാൻ ആണ് ആഗ്രഹിച്ചിരുന്നത് എന്ന് ഇവർ പറയുന്നു. ആറു മാസത്തിനകം തിരിച്ചു വന്നു ബാക്കി 39 ബുള്ളറ്റുകൾ കൂടി സുമിതിന്‍റെ ശരീരത്തിൽ തുളച്ചു കയറ്റുമെന്നും ഇവർ വീഡിയോയിൽ ഭീഷണി മുഴക്കിയിരുന്നു. ‘ഗ്യാങ്ങ്സ് ഓഫ് വസിപ്പൂർ’ എന്ന സിനിമയിലെ സംഭാഷണങ്ങളും വിഡിയോയിൽ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.
സംഭവത്തിനുശേഷം അധ്യാപകൻ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കൊടും കുറ്റവാളി ലോറൻസ് ബിഷ്നോയിയില്‍ നിന്നാണ് കുറ്റകൃത്യത്തിനുള്ള പ്രേരണയുൾക്കൊണ്ടതെന്നാണ് പ്രതികളിൽ ഒരാൾ മൊഴി നൽകിയിരിക്കുന്നത്.