ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് എഡിറ്ററെയും എച്ച്.ആർ മാനേജറെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ ന്യൂസ് പോർട്ടലായ ‘ന്യൂസ് ക്ലിക്കി’നെതിരെ സി.ബി.ഐയും കേസെടുത്തു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ലംഘിച്ചെന്ന് ആരോപിച്ചാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.
ന്യൂസ് ക്ലിക് ഓഫിസിലും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്തയുടെ വീട്ടിലും അന്വേഷണസംഘം ഇന്ന് രാവിലെ പരിശോധന നടത്തി. സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് പരിശോധന നടത്തിയത്.
ഒക്ടോബർ മൂന്നിന് അറസ്റ്റിലായ പ്രബീർ പുരകായസ്‌തയെയും സ്ഥാപനത്തിന്‍റെ എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയെയും ഇന്നലെ കോടതി 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ചാണ് ഇരുവരെയും ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുകയും സ്ഥാപനം പൂട്ടി മുദ്രവെക്കുകയും ചെയ്തിരുന്നു.