ആപ്പിൾ ഏറ്റവും പുതിയ ഐഫോണുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെ എത്തിയ ‘ഐ.ഒ.എസ് 17’ ചില ബഗ്ഗുകളും ഹീറ്റിങ് പ്രശ്നങ്ങളും കാരണം ഏറെ പഴികേട്ടിരുന്നു. പരിഹാരമായി കമ്പനി ഒന്നിലധികം അപ്ഡേറ്റുകൾ നൽകുകയാണ് ചെയ്തത്. ഏറ്റവും ഒടുവിലായി ഐ.ഒ.എസ് 17.0.3 എന്ന വേർഷനാണ് ആപ്പിൾ റിലീസ് ചെയ്തിരിക്കുന്നത്. ഏറെ ഫീച്ചറുകളുമായി പുതിയ ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചെങ്കിലും, ഇപ്പോഴും ഐ.ഒ.എസ് 16 പതിപ്പിലുള്ളവരെ ആപ്പിൾ കൈവിട്ടിട്ടില്ല. അവർക്കായി iOS 16.7.1 എന്ന അപ്ഡേറ്റുമായാണ് കമ്പനിയിപ്പോൾ എത്തിയിരിക്കുന്നത്.
പഴയ ഐഫോൺ യൂസർമാർക്കും, പുതിയ ഐഫോണിൽ ഐ.ഒ.എസ് 17 ഇൻസ്റ്റാൾ ചെയ്യാത്തവർക്കും വേണ്ടിയാണ് iOS 16.7.1 അവതരിപ്പിച്ചത്. സെക്യൂരിറ്റി അപ്ഡേറ്റായ iOS 16.7.1-ൽ ബഗ് ഫിക്സുകളും ഉൾപ്പെടുന്നുണ്ട്. ഐഫോണിലെ കേർണലുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ ഈ അപ്ഡേറ്റ് പരിഹരിച്ചിട്ടുണ്ട്. ഐ.ഒ.എസ് 17-ലേക്ക് അപ്ഡേറ്റ് ചെയ്യാത്ത എല്ലാവരും പുതിയ 16 പതിപ്പിലുള്ള അപ്ഡേറ്റ് ചെയ്യുന്നതാണ് ഉചിതം. ഐഫോൺ 8 മുതലുള്ള എല്ലാ മോഡലുകളിലും പുതിയ അപ്ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്.
ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ എക്സ്, ഐഫോൺ എക്സ് ആർ, ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ് എസ് മാക്സ്, ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 12 സീരീസ്, ഐഫോൺ 13 സീരീസ്, ഐഫോൺ 14 സീരീസ്, ഐഫോൺ 15 സീരീസ് എന്നിവക്കെല്ലാം തന്നെ പുതിയ ഐ.ഒ.എസ് 16.7.1 ലഭിക്കും.ഫോണിലെ സെറ്റിങ്സ് ആപ്പ് തുറന്ന് ജനറൽ സെറ്റിങ്സിൽ പോയാൽ സോഫ്റ്റ് വെയർ അപ്ഡേറ്റ് (Software Update) എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്താൽ പുതിയ അപ്ഡേറ്റ് ദൃശ്യമാകും.