ഷാർജ : ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. നമ്മള്‍ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു എന്നതാണ് ഇത്തവണ മേളയുടെ സന്ദേശം. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ ഒന്ന് മുതല്‍ 12 വരെയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള . ഷാര്‍ജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മേളയുടെ വിശദാംശങ്ങള്‍ അധികൃതര്‍ പങ്കുവെച്ചത്. വിവിധ ഭാഷകളിലായി 15 ലക്ഷം പുസത്കങ്ങള്‍ ഇത്തവണ മേളയിലെത്തും. അറബ് മേഖലയില്‍ നിന്ന് 1200 അറബ് പ്രസാധകരുണ്ടാകും.
ഇന്ത്യയില്‍ നിന്ന് ഇക്കുറി 120 പ്രസാധകര്‍ പങ്കെടുക്കും. ബോളിവുഡ് താരം കരീന കപൂര്‍, ധനകാര്യ എഴുത്തുകാരി മോനിക ഹെലന്‍, സുനിത വില്യംസ്, ഡച്ച് യോഗാചാര്യന്‍ സ്വാമി പൂര്‍ണചൈതന്യ, ഷെഫ് പിള്ള തുടങ്ങിയവരാണ് അതിഥികളില്‍ പ്രമുഖര്‍. കൂടുതല്‍ അതിഥികളുടെ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് അല്‍ മറി പറഞ്ഞു. മേളക്ക് മുന്നോടിയായി ഈ മാസം 29 മുതല്‍ 31 വരെ പ്രസാധക സമ്മേളനം ഒരുക്കും. ഷാര്‍ജ കോപ്പിറൈറ്റ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി പുസ്തകങ്ങള്‍ പുറത്തിറക്കുന്ന പ്രസാധകരെ പ്രത്യേകം ആദരിക്കും. മേളയില്‍ വൈവിധ്യമാര്‍ന്ന 1700 പരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്യുന്നത്.