റായ്പൂർ: അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനവുമായി ഛത്തീസ്ഡഗിലെ രണ്ട് ഗോത്രവർഗ ഗ്രാമങ്ങൾ. തങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച സർക്കാർ വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പരിഹാരം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കുടിവെള്ളവും വൈദ്യുതിയും ഉൾപ്പെടെ നിരവധി അടിസ്ഥാന ആവശ്യങ്ങൾ ഏറെക്കാലമായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സർക്കാർ തങ്ങളുടെ ആവശ്യം കേൾക്കാൻ തയ്യാറായിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. ഗ്രാമത്തിലേക്ക് എത്താൻ റോഡുകളില്ല. വെള്ളം കിട്ടുന്നത് പോലും കാട്ടുപ്രദേശത്ത് കുഴി കുത്തിയാണ്. രാഷ്ട്രീയക്കാരുടെ സ്ഥിരം പൊള്ളയായ വാഗ്ദാനങ്ങൾ ഇനിയൊരിക്കലും നടപ്പിലാകില്ല. വിഷയം ഉന്നയിക്കുമ്പോഴൊക്കെ വിവരം ലഭിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നുമാണ് കോർബ സില പഞ്ചായത്ത് സി,ഇ,ഒ വിശ്വദീപ് പറയുന്നതെന്നും ഇതിനിയും തുടരാൻ അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
150ഓളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.
രാംപൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ കെരകച്ചാർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന സർദിഹ്, ബാഗ്ധാരിദണ്ട് ഗ്രാമങ്ങളാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചത്. രാഷ്ട്രപതിയുടെ ദത്തുപുത്രന്മാർ എന്നും അറിയപ്പെടുന്ന പ്രദേശത്ത് പ്രത്യേക ദുർബല ഗോത്ര വിഭാഗക്കാരാണ് (പി.വി.ടി.ജി) താമസിക്കുന്നത്. നിലവിൽ ബി.ജെ.പിയുടെ നൻകി റാം കൻവാർ ആണ് എം.എൽ.എ.