തൃശൂര്‍: തായ്‌ലാന്‍ഡില്‍നിന്നും കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവുസഹിതം യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ കടമ്പൂര്‍ സ്വദേശി മുഹമ്മദ് ഫാസിലിനെ (22) യാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 2.14 കിലോ ഹൈബ്രിഡ് ഇനം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. അന്തര്‍ദേശീയ വിപണിയില്‍ ഗ്രാമിന് 3,000 രൂപയോളം വില വരുന്ന ‘ഫാബുല്ലസോ’ എന്ന ഹൈബ്രിഡ് കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്.
പാലക്കാട് എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറും തൃശൂര്‍, പാലക്കാട് ഐ.ബികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മണ്ണുത്തിയിലെ ലോഡ്ജില്‍ നിന്നും ഫാസില്‍ പിടിയിലായത്. തായ്‌ലാന്‍ഡില്‍നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴിയാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്. ലോഡ്ജിനു മുന്നിലുണ്ടായിരുന്ന ഇയാളുടെ കൂട്ടാളികള്‍ എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇവരുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആദ്യമായാണ് എക്‌സൈസ് ഇത്തരം കഞ്ചാവ് പിടികൂടുന്നതെന്നും സിന്തറ്റിക് ലഹരിക്ക് സമാനമായ ലഹരിയാണ് ഇതിന്റെ പ്രത്യേകതയെന്നും എക്‌സൈസ് വ്യക്തമാക്കി. പിടിയിലായ മുഹമ്മദ് ഫാസില്‍ കാരിയറാണെന്നാണ് എക്‌സൈസിന്റെ നിഗമനം. ഇയാളില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ഏകസൈസിന്റെ നീക്കം
അതേസമയം സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വിദേശമദ്യം വാങ്ങി വില്‍പ്പന നടത്തിയെന്ന കേസില്‍ ഒരാളെ വയനാട്ടില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. പനമരം നീര്‍വാരം അരിച്ചിറകാലായില്‍ വീട്ടില്‍ കെ യു ഷാജി (46) ആണ് പിടിയിലായത്. ഇയാള്‍ നീര്‍വാരം കുരിശുംകവല ഭാഗത്തെ സ്ഥിരം മദ്യവില്‍പ്പനക്കാരനാണെന്നാണ് എക്‌സൈസ് പറയുന്നത്. 500 മില്ലി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും മദ്യവില്‍പ്പന നടത്തി കിട്ടിയ 2300 രൂപയും ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെയായിരുന്നു പരിശോധന. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷ്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്, സനൂപ്, ഡ്രൈവര്‍ കെ കെ സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.