യുനൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യ (പെർമനന്റ് മിഷൻ) ആസ്ഥാനത്ത് ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബം) എന്നെഴുതിയ ഫലകം സ്ഥാപിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐ.സി.സി.ആർ) പ്രസിഡന്റ് ഡോ. വിനയ് സഹസ്രബുദ്ധെയും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു.‘വസുധൈവ കുടുംബകം’ എന്ന് ഹിന്ദിയിലും ‘ദി വേൾഡ് ഈസ് വൺ ഫാമിലി’ എന്ന് ഇംഗ്ലീഷിലും എഴുതിയ സ്വർണ നിറത്തിലുള്ള ഫലകം മിഷന്റെ പ്രവേശന കവാടത്തിലെ മതിലിലാണ് സ്ഥാപിച്ചത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യവും ഐ.സി.സി.ആറും ചേർന്ന് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ‘വസുധൈവ കുടുംബകം’ പ്രമേയത്തിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഫലകം അനാച്ഛാദനം ചെയ്തത്.
ഐക്യത്തിനും ആഗോള സഹകരണത്തിനുമുള്ള ന്യൂഡൽഹിയുടെ പ്രതിബദ്ധതയും സന്ദേശവുമാണ് ഫലകം പ്രതിഫലിപ്പിക്കുന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.