ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് സംഘർഷത്തെ തുടർന്ന് ഡൽഹി ജുമാ മസ്ജിദിന് സമീപമുള്ള പ്രദേശങ്ങളിലും ജൂതകേന്ദ്രങ്ങളിലും പട്രോളിങ് ശക്തമാക്കി പൊലീസ്. മുസ്ലീം സമുദായത്തിലെ അംഗങ്ങളോട് അവരുടെ താമസ സ്ഥലങ്ങളിലെ പള്ളികളിൽ നമസ്‌കരിക്കണമെന്നും മറ്റെവിടെയെങ്കിലും പ്രാർത്ഥന നടത്താൻ പോകരുതെന്നും ഡൽഹി പോലീസ് അറിയിച്ചു. ജുമാ മസ്ജിദ് പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന ബൈക്ക് പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ എക്സിൽ പ്രചരിച്ചിട്ടുണ്ട്. മറ്റൊരു സംഘം പോലീസുകാർ കാൽനട പട്രോളിങ്ങും നടത്തി. ഡൽഹി പോലീസ് കാലാകാലങ്ങളിൽ നടത്തുന്ന സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമാണ് പട്രോളിംഗ് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ജൂത പ്രാർഥനാലയമായ ചബാദ് ഹൗസിലും യഹൂദ സ്ഥാപനങ്ങൾ ഉള്ളിടത്തെല്ലാം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ക്രമസമാധാനപാലനത്തിനും സുരക്ഷയ്ക്കും പട്രോളിംഗ് നടത്തുന്നുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു.അതിനിടെ യുദ്ധം രൂക്ഷമായ ഗസ്സയിലെ ഹമാസ് ലക്ഷ്യങ്ങൾക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 1,537 ഫലസ്തീനികൾ കൊല്ലപ്പെടുകയും 6,612 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും 36 പേർ മരിക്കുകയും 650 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം റാമല്ലയിൽ അറിയിച്ചു.