തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം പുനഃരാരംഭിച്ചു. ചെറിയ ആംബുലൻസുകൾക്ക് കിലോമീറ്ററിന് 12 രൂപയും വലിയ ആംബുലൻസുകൾക്ക് കിലോമീറ്ററിന് 15 രൂപയുമെന്നുള്ള നിലവിലെ സ്ഥിതി തുടരും. മിനിമം ചാർജ് മൂന്നു കിലോമീറ്റർ വരെ 220 രൂപയും 10 കിലോമീറ്റർ വരെ ചെറിയ ആംബുലൻസുകൾക്കും 500 രൂപയും വലിയ ആംബുലൻസുകൾക്ക് 700 രൂപയും തുടരും.
സീനിയോരിട്ടിയിൽ ആംബുലൻസുകളെ ഓട്ടത്തിനായി വിളിക്കുമ്പോൾ രജിസ്ട്രേഷൻ പ്രകാരം ആംബുലൻസ് നൽകിയിരിക്കുന്ന പേരിലുള്ള ആംബുലൻസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. സിനിയോരിറ്റി പ്രകാരം ആംബുലൻസിനെ ഓട്ടത്തിനായി വിളിച്ചാൽ 10 മിനിട്ടിനകം ആംബുലൻസ് സേവനം ലഭ്യമായില്ല എങ്കിൽ തൊട്ടടുത്ത ആംബുലൻസിന് സിനിയോരിറ്റി നൽകും.
2018-ൽ തന്നെ രോഗികൾക്ക് ആംബുലൻസുകളുടെ സേവനം ചൂഷണരഹിതമായി നടപ്പിലാക്കുന്നതിന് പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ നിയമാവലിയ്ക്ക് കടകവിരുദ്ധമായി ആംബുലൻസ് സർവ്വീസുകൾ നടക്കുന്നതായി കണ്ടെത്തിയതിനാൽ പ്രീപെയ്ഡ് ആംബുലൻസ് സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ആശുപത്രി പരിസരത്ത്, പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിന് മുൻവശത്തുള്ള റോഡിൽ സ്ഥിരമായി ആംബുലൻസ്, ഓട്ടോറിക്ഷാ എന്നിവ പാർക്ക് ചെയ്ത് സർവീസ് നടത്തുകയും ഇത് പലപ്പോഴും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. പ്രീപെയ്ഡ് സംവിധാനത്തിൽ ഓഫീസ് സംവിധാനത്തിലൂടെ അറിയിപ്പ് ലഭിക്കുമ്പോൾ ആംബുലൻസുകൾ കാമ്പസിനുള്ളിൽ പ്രവേശിച്ചാൽ മതിയെന്നിരിക്കേ, ഇത്തരത്തിലുള്ള അനധികൃത പാർക്കിംഗുകൾ അനുവദിയ്ക്കേണ്ടതില്ലെന്നും ആശുപത്രി അധികൃതർ തീരുമാനിച്ചിട്ടുണ്ട്.