ആലപ്പുഴ: ഗൃഹനാഥനെ വെട്ടിയും പെട്രോൾ ബോംബ് എറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ. ചുനക്കര കിഴക്ക് ശ്രീഭവനത്തില്‍ പങ്കജാക്ഷക്കുറുപ്പിനെ (70) പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടികൊലപ്പെടുത്തുവാൻ ശ്രമിച്ച കേസ്സിലെ പ്രതി ചുനക്കര കിഴക്ക് മോഹനാലയം വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ഗോകുലിനെ ആണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 9 ന് രാത്രി ഗോകുൽ അയൽവാസി കൂടിയായ പങ്കജാക്ഷക്കുറുപ്പിന്റെ വീടിന് മുൻവശം ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. വീടിന് മുന്നിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്ത പങ്കജാക്ഷകുറുപ്പിനോടുള്ള വിരോധത്താൽ ഗോകുൽ പെട്രോൾ ബോംബും വെട്ടുകത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. വെട്ട് കത്തി കൊണ്ടുള്ള ആക്രമണത്തിൽ പങ്കജാക്ഷകുറുപ്പിന് കഴുത്തിനും തോളിനും ആഴത്തിൽ മുറിവേൽക്കുകയും വലത് ചെവിയുടെ ഒരു ഭാഗം അറ്റു പോകുകയും ചെയ്തിരുന്നു.
എറിഞ്ഞ പെട്രോൾ ബോബുകളിൽ ഒന്ന് പങ്കജാക്ഷ കുറുപ്പിന്റെ സമീപത്ത് വീണ് പൊട്ടി തീ ആളിപ്പടർന്നിരുന്നു. മറ്റൊന്നു കൂടി എറിഞ്ഞെങ്കിലും അത് പൊട്ടാതിരുന്നതിനാൽ സ്ഥലത്ത് ഓടിക്കൂടിയവർക്ക് ആർക്കും അപായമുണ്ടായില്ല. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കടമ്പനാടു നിന്നും കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ പി കെ മോഹിതിന്റെ നേതൃത്വത്തിൽ എ എസ് ഐ രജീന്ദ്രദാസ്, എസ് സി പി ഒ ഷാജിമോൻ, സി പി ഒ മാരായ അജീഷ്, രാജേഷ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി കഞ്ചാവ്, ചാരായം വില്‍പ്പന കേസ്സുകളിലെ പ്രതി കൂടിയാണ്. മാവേലിക്കര ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.