കാബുൾ ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി സഹകരിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. അടുത്തയാഴ്ച ബെയ്ജിങ്ങിൽ നടക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ താലിബാൻ പങ്കെടുക്കും. ഈ പങ്കാളിത്തത്തിലൂടെ അഫ്ഗാനും ചൈനയും തമ്മിലുള്ള ഔദ്യോഗികബന്ധം ശക്തമാകുമെന്നാണു സൂചന.
ഷിയുടെ രാജ്യാന്തര സ്വപ്നപദ്ധതി ആരംഭിച്ചതിന്റെ പത്താം വാർഷിക പരിപാടിയുടെ ഭാഗമായുള്ള ഫോറത്തിലാണു താലിബാൻ പങ്കെടുക്കുക. താലിബാന്റെ കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആക്ടിങ് മന്ത്രി ഹാജി നൂറുദ്ദീൻ അസിസി പങ്കെടുക്കുമെന്ന് മന്ത്രാലയ വക്താവ് വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനെ അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഫോറം. ഇതിനോടൊപ്പം വലിയ നിക്ഷേപകരെ അഫ്ഗാനിലേക്കു ക്ഷണിക്കാനും നീക്കമുണ്ട്. വൻതോതിൽ ധാതുസമ്പത്ത് അഫ്ഗാനിലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നിക്ഷേപകരെ ക്ഷണിക്കുക.
പഴയ പട്ടുപാതയുടെ (സിൽക്ക് റൂട്ട്) ആധുനിക രൂപമായ ബെൽറ്റ് ആൻഡ് റോഡിലൂടെ ആഗോളവിപണി ലക്ഷ്യമിട്ടാണു ചൈനയുടെ നീക്കങ്ങൾ. നേരത്തേ കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനുമായുള്ള സൗഹാർദവും സഹകരണവും വർധിപ്പിക്കാൻ തയാറാണെന്നു ചൈന പ്രഖ്യാപിച്ചിരുന്നു. തന്ത്രപരവും സാമ്പത്തിക–വികസനപരവുമായ കാരണങ്ങളും ഷിങ്ജിയാൻ പ്രവിശ്യയിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് ചൈനയുടെ നിലപാടിനു പിന്നിൽ.
ദക്ഷിണേഷ്യയിലെയും മധ്യേഷ്യയിലെയും പശ്ചിമേഷ്യയിലെയും വിപണികളുമായി ചൈനയെ ബന്ധിപ്പിക്കുന്നതിലും അഫ്ഗാൻ നിർണായകമാണ്. ചൈന– പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലൂടെ തെക്കൻ അഫ്ഗാനുമായും ബന്ധം സാധ്യമാകും. കുങ്കുമം ഉൾപ്പെടെ അഫ്ഗാനിൽനിന്ന് ചൈനീസ് വിപണികളിലേക്ക് പല വസ്തുക്കളും വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നു. വടക്കൻ അഫ്ഗാനിൽ അമു ദാരിയ നദീതടത്തിൽ എണ്ണ ഖനനം, രാജ്യത്തെ റെയിൽവെ വികസനം, ലൊഗാർ പ്രവിശ്യയിലെ ചെമ്പ് ഖനനം തുടങ്ങിയവയിലും ചൈന മുതൽമുടക്കിയിട്ടുണ്ട്.