ന്യൂഡൽഹി ∙ കേന്ദ്രവുമായി ബന്ധപ്പെട്ട മുഴുവൻ ഫീൽഡ്തല ഓഡിറ്റും നിർത്തിവയ്ക്കാൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഫിസിൽ നിന്ന് നിർദേശമുണ്ടായെന്നു വ്യക്തമാക്കുന്ന ഉത്തരവിന്റെ പകർപ്പ് പുറത്ത്. 2023–24 വർഷത്തെ ഓഡിറ്റ് പദ്ധതി വ്യക്തമാക്കിക്കൊണ്ട് മഹാരാഷ്ട്ര പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ബന്ധപ്പെട്ടവർക്കു നൽകിയ കത്തിന്റെ പകർപ്പിലാണ് ഇക്കാര്യമുള്ളത്. സിഎജിയിൽ നിന്നുള്ള ഇ മെയിലിന്റെ അടിസ്ഥാനത്തിൽ ഓഡിറ്റ് ജോലികൾ നിർത്തിവയ്ക്കാനാണു കത്തിൽ ആവശ്യപ്പെടുന്നത്.
കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന 2 റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിലെ (സിഎജി) മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനു പിന്നാലെയാണു ഫീൽഡ്തല ഓഡിറ്റിങ് നിർത്താനുള്ള നിർദേശം. ഓഡിറ്റിങ് പൂർത്തിയായ റിപ്പോർട്ടുകളിൽ സിഎജി ഒപ്പിടുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു.
സർക്കാർ പദ്ധതികളിലെ അഴിമതി സംബന്ധിച്ച സിഎജിയുടെ കണ്ടെത്തലുകൾക്കു പ്രാധാന്യമേറെയാണ്. വിപരീത പരാമർശങ്ങൾ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളെ ബാധിക്കുമെന്ന ആശങ്ക സർക്കാർ വൃത്തങ്ങളിലുണ്ട്.
യുപിഎ സർക്കാരിന്റെ കാലത്തു 2ജി അഴിമതി, കൽക്കരി പാടം വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടുകൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ആയുഷ്മാൻ ഭാരത് പദ്ധതി, ദ്വാരക അതിവേഗ പാത എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കിയവരെ സ്ഥലംമാറ്റിയതിനു പിന്നാലെയുള്ള ഓഡിറ്റ് അവസാനിപ്പിക്കൽ. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് സിഎജി പത്രക്കുറിപ്പിറക്കി.