എറണാകുളം > ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 2-ാമത് സി പി സുധാകരപ്രസാദ് നാഷണൽ മൂട്ട് കോർട്ട് മത്സരങ്ങൾ അവസാനിച്ചു. 2 ഘട്ടങ്ങളിലായി നടത്തപ്പെട്ട മത്സരത്തിൽ രാജ്യമെമ്പാടുമുള്ള കോളേജുകളിൽ നിന്നും നിരവധി വിദ്യാർഥികൾ പങ്കെടുത്തു. മുഖ്യ ഇലക്ഷൻ കമ്മീഷണറുടെ നിയമനം കേന്ദ്രികരിച്ച് നിലനിൽക്കുന്ന തർക്കങ്ങൾ എന്ന വിഷയത്തിലായിരുന്നു മത്സരം. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്, അഡ്വ. എൻ മനോജ് കുമാർ, ഡോ. എസ് എസ് ഗിരിശങ്കർ എന്നിവർ മത്സരത്തിൽ വിധികർത്താക്കളായി.
അവസാന ഘട്ട മത്സരത്തിൽ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് കൊച്ചി, യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ലീഗൽ സ്റ്റഡീസ് പഞ്ചാബ് യൂണിവേഴ്‌സിറ്റി എന്നീ കോളേജുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സിംബയോസിസ് ലോ സ്‌കൂൾ പൂനെയിൽ നിന്നും ദിവ്യ സോണി മികച്ച സ്‌പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ലീഗൽ സ്റ്റഡീസ് പഞ്ചാബ് യൂണിവേഴ്‌സിറ്റി മികച്ച മെമോക്കുള്ള അവാർഡ് കരസ്ഥമാക്കി.
15 നു വൈകീട്ട് കൊച്ചിയിൽ വെച്ച് നടന്ന മത്സരങ്ങളുടെ സമാപന സമ്മേളനത്തിൽ വ്യവസായ മന്ത്രി പി രാജീവ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്, അഡ്വ. എൻ മനോജ് കുമാർ, ജസ്റ്റിസ് ജഗൻ എന്നിവർ പങ്കെടുത്തു. പാഠ്യേതര വിഷയങ്ങളിൽ വിദ്യാർഥികളുടെ മികവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പരിപാടിയിലേക്ക് രാജ്യമെമ്പാടുമുള്ള കോളേജുകളിൽ നിന്നായി 150 ഓളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്‌തിരുന്നു. വിജയികൾക്ക് ഒന്നര ലക്ഷം രൂപയോളം വരുന്ന സമ്മാനത്തുകയും ട്രോഫിയും നൽകും.