മൂന്നാര്‍: ലോക്കാടില്‍ വീണ്ടും റേഷന്‍ കട തകര്‍ത്ത് കാട്ടാനകള്‍. ഒരു മാസത്തിനിടെ വിജയ ലക്ഷ്മിയുടെ റേഷന്‍കട രണ്ടാമത്തെ തവണയാണ് കാട്ടാന തകര്‍ക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് ലോക്കാടില്‍ അഞ്ചുപേരടങ്ങുന്ന കാട്ടാനക്കൂട്ടം എത്തിയത്. പുലര്‍ച്ചയോടെ എസ്‌റ്റേറ്റിലെത്തിയ കാട്ടാന കടയുടെ മേല്‍ക്കൂര തകര്‍ത്ത് അരി ഭക്ഷിക്കാന്‍ ശ്രമിച്ചു.
നാട്ടുകാരെത്തി നടത്തിയ പരിശ്രമത്തിലാണ് കാട്ടാനകളെ തുരത്താന്‍ കഴിഞ്ഞത്. സെപ്തബര്‍ 15 ന് പടയപ്പയെന്ന കാട്ടാന എസ്റ്റേറ്റിലെത്തി വിജയലക്ഷ്മിയുടെ കട ആക്രമിച്ച് തകര്‍ത്ത് അരി ഭക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മറ്റൊരു ആനക്കൂട്ടം കട ആക്രമിക്കുന്നത്. ആനകള്‍ കൂട്ടമായെത്തി റേഷന്‍ കട തുടര്‍ച്ചയായി തകര്‍ക്കുന്നത് അവസാനിപ്പിക്കാന്‍ അധിക്യതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
മൂന്നാറിന് സമീപപ്രദേശമായ കല്ലാർ, മാട്ടുപ്പെട്ടി, സൈലന്റ് വാലി, ദേവികുളം എന്നിവിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാകുകയാണ്. ഈ മേഖലയിൽ പടയപ്പയുടെ സാന്നിധ്യം ഉണ്ടെങ്കിലും മറ്റ് ആനകൾ ഒറ്റ തിരിഞ്ഞും കൂട്ടമായും തോട്ടം മേഖലയിൽ എത്തുന്നതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആനകൾ കൂട്ടമായി എത്തുമ്പോഴും വനപാലകർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതാണ് തൊഴിലാളികൾക്ക് തിരിച്ചടിയാവുന്നത്.