തിരുവനന്തപുരം> മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലേക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് പാൽ കൊണ്ടുവരാൻ ഗതാഗത കരാർ നൽകിയതുവഴി മിൽമയ്ക്ക് വൻ നഷ്ടമുണ്ടായെന്ന മാധ്യമപ്രചാരണം വാസ്തവവിരുദ്ധമെന്ന് മാനേജിങ് ഡയറക്ടർ ഡി എസ് കോണ്ട. ഇതരസംസ്ഥാനങ്ങളിൽനിന്ന് യൂണിയനിലേക്ക് പാൽ കൊണ്ടുവന്ന വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കിയതിൽ അപാകതയുണ്ടെന്ന് ഓഡിറ്റർമാർ ചൂണ്ടിക്കാട്ടിയത് പരിശോധിക്കുന്നുണ്ട്. സംശയമുള്ള ബില്ലുകളിലെ തുകകൾ തടഞ്ഞുവയ്ക്കുന്നതിന് നിർദേശംനൽകി. അധികമായി ഈടാക്കിയ പണം കരാറുകാരിൽനിന്ന് തിരിച്ചുപിടിക്കാനായിരുന്നു ഓഡിറ്റിലെ ശുപാർശ.
മിൽമയുടെ ഇന്റേണൽ ഓഡിറ്റിങ്ങിൽ ചില ബില്ലുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് അന്തർ സംസ്ഥാന ഗതാഗതച്ചെലവുമായി ബന്ധപ്പെട്ട് ഏകദേശം 84 ലക്ഷം രൂപ വിവിധ കരാറുകാരിൽനിന്ന് പിടിച്ചുവച്ചിട്ടുണ്ട്. ഓഡിറ്റർമാർ ചൂണ്ടിക്കാണിച്ച പൊരുത്തക്കേടുകൾ കൂടുതൽ പരിശോധനയ്ക്കുശേഷം ശരിയാണെന്ന് കണ്ടെത്തിയാൽ കരാറുകാർ അധികം ഈടാക്കിയ തുക കുറവ് ചെയ്തു മാത്രമേ അനുവദിക്കുകയുള്ളൂ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.