തിരുവനന്തപുരം: ഫോണ്‍ കെണിയിൽ കുരുങ്ങി കൗമാരക്കാര ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ആവർത്തിക്കാതിരിക്കാൻ ഊരുകളിൽ പ്രത്യേക പദ്ധതി നടപ്പാക്കാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. കൗമാരക്കാരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ ഊരുകളിൽ പദ്ധതി നടപ്പാക്കുമെന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ വീടുകള്‍ സന്ദർശിച്ച ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.സുരേഷ് പറഞ്ഞു.
പെരിങ്ങമല, വിതുര പഞ്ചായത്തുകളിൽപ്പെട്ട ആദിവാസി ഊരുകളിലാണ് ഫോണ്‍ വഴി പരിചയപ്പെട്ടവരുമായുള്ള പ്രണയം തകർന്നതോടെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. അഞ്ചുമാസത്തിനിടെ കൗമാരക്കായ അഞ്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പോലും എങ്ങുമെത്താത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് എക്സൈസ് വകുപ്പുകള്‍ അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടിയുടെ വീടുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ സന്ദർശിച്ചു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കുമെന്ന് സന്ദർശനത്തിന് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
സർക്കാരിനും ജില്ലാ പഞ്ചായത്ത് റിപ്പോർട്ട് നൽകും. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഊരുകള്‍ സന്ദർശിച്ചിരുന്നു. പെണ്‍കുട്ടികളെ കുരുക്കിൽപ്പെടുത്തുന്നതിന് പിന്നിൽ കഞ്ചാവ് സംഘങ്ങളാണെന്ന് ആരോപണത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും, ഊരുക്കൂട്ടങ്ങള്‍ വഴിയും കൗണ്‍സിലിംഗ് നടത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.