മനുഷ്യരെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന ഒന്നാണ് അസുഖങ്ങൾ. എന്നാൽ, പ്രതീക്ഷയും ആത്മവിശ്വാസവും കൊണ്ട് അതിനെയെല്ലാം തോൽപ്പിച്ച് പുഞ്ചിരിയോടെ നമുക്ക് മുന്നിലേക്ക് വരുന്ന അനേകം മനുഷ്യരുണ്ട്. അവർ നമുക്ക് തരുന്ന പ്രത്യാശയും പ്രചോദനവും ചെറുതല്ല. അതിലൊരാളാണ് ബ്രിസ്റ്റോളിലെ ബിഷപ്പ്സ്റ്റണിൽ നിന്നുള്ള ഡാനിയേൽ മൂർ. സ്തനാർബുദത്തെ അതിജീവിച്ച അവളിന്ന് ഒരു കാമ്പയിനിന്റെ ഭാഗമാണ്.
31 -ാമത്തെ വയസിലാണ് ഡാനിയേലിന് സ്തനാർബുദമാണ് എന്ന് തിരിച്ചറിയുന്നത്. കീമോതെറാപ്പിയും സ്തനശസ്ത്രക്രിയയും കഴിഞ്ഞ അവൾ തന്റെ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ ലോകത്തിനോട് പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ‘കാൻസറുണ്ടായാലും അതിന് ശേഷം ഒരു ജീവിതമുണ്ട് എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഞാൻ. പക്ഷേ, വ്യത്യസ്തയായിരിക്കുന്നതും ഓക്കേ ആണ്’ എന്നാണ് അവൾ കുറിച്ചത്.
ഇപ്പോൾ, സംവിധായികയും പ്രചാരകയുമായ എറിക്ക ലസ്റ്റിന്റെ ‘വൺ മോർ പേജ് ത്രീ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ കാമ്പെയ്‌നിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ടോപ്‌ലെസ് ആയി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഡാനിയേൽ. സ്തനാർബുദ അവബോധ മാസത്തിന്റെ ഭാഗമായിട്ടായിരുന്നു കാമ്പയിൻ. വ്യത്യസ്തമായിരിക്കുന്നതിനെ സ്വാഭാവികമായി കാണുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം.
‘ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കൊണ്ട് തനിക്ക് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട്. എന്നിരുന്നാലും ഇത് സ്റ്റീരിയോടൈപ്പുകളെ തകർക്കാൻ സഹായിക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നത്’ എന്ന് ഡാനിയേൽ പറയുന്നു. ‘ഒപ്പം സ്തനശസ്ത്രക്രിയയെ ആളുകൾ ഒരു സാധാരണമായ കാര്യമായി കാണേണ്ടതുണ്ട്. കൂടുതൽ കൂടുതൽ നമ്മൾ അതേക്കുറിച്ച് സംസാരിക്കുന്തോറും അത് വളരെ സ്വാഭാവികമായ ഒന്നായി മാറും’ എന്നും അവൾ പറയുന്നു.
2021 -ൽ കുട്ടിയെ മുലയൂട്ടിക്കൊണ്ടിരിക്കവെയാണ് അവൾ തന്റെ സ്തനത്തിൽ ഒരു മുഴ ശ്രദ്ധിക്കുന്നത്. എന്നാൽ, അവളത് കാര്യമാക്കിയില്ല. ഒരു ക്ലിനിക്കിൽ അപ്പോയിന്റ്മെന്റ് എടുത്തെങ്കിലും കൊവിഡ് കാരണം കാൻസൽ ചെയ്യേണ്ടി വന്നു. പിന്നെ അവൾ ആശുപത്രിയിൽ പോവുന്നത് ആറുമാസത്തിന് ശേഷമാണ്. അപ്പോഴേക്കും കാൻസർ മൂന്നാമത്തെ സ്റ്റേജിൽ എത്തിയിരുന്നു. അത് പടരാനും തുടങ്ങിയിരുന്നു. അതോടെ അവൾക്ക് തന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്യേണ്ടി വന്നു.
2022 -ൽ ശരീരത്തിൽ കാൻസറിന്റെ തെളിവുകളൊന്നും ഇപ്പോൾ ശേഷിക്കുന്നില്ല എന്ന് ഡോക്ടർമാർ അവളോട് പറഞ്ഞു. അതിനുശേഷം അവൾ കാൻസറിനെതിരെയുള്ള ബോധവൽക്കരണങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്. കാൻസറുണ്ടോ എന്നത് നാമെപ്പോഴും സ്വയം പരിശോധിക്കണം എന്നാണ് ഡാനിയേൽ പറയുന്നത്. നേരത്തെ കണ്ട് പിടിക്കാൻ സാധിച്ചിരുന്നു എങ്കിൽ തന്റെ പോരാട്ടം കുറച്ചുകൂടി എളുപ്പമായേനെ എന്നും അവൾ പറയുന്നു. ഒപ്പം, ‘ജീവനോടെയിരിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. നമ്മുടെ ശരീരത്തിൽ ചില അവയവങ്ങളുണ്ടോ ഇല്ലേ എന്നതിനേക്കാൾ പ്രധാനമാണ് ജീവനോടെയിരിക്കുന്നു എന്നത്’ എന്നും അവൾ പറയുന്നു.