കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ കവി റഫീഖ് അഹമ്മദിന് പിന്നാലെ എംഎൻ കാരശ്ശേരിക്കെതിരെയും സിപിഎം സൈബർ ആക്രണം. മുമ്പ് ജർമ്മനിയിൽ ട്രെയിനിൽ യാത്ര ചെയ്ത ഫോട്ടോ തിരഞ്ഞ് പിടിച്ചാണ് അത് സ്പീഡ് ട്രെയിനായിരുന്നുവെന്ന് പ്രചരിപ്പിച്ച് ഭീഷണിയും അശ്ലീലവും നിറഞ്ഞ കമന്റുകളിടുന്നത്. സംഘടിതമായ ആക്രമണമാണ് സിപിഎം സാംസ്കാരിക പ്രവർത്തകർക്കെതിരെ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. സൈബർ ആക്രമണത്തിൽ പരാതിയില്ലെന്നും തമാശയായെടുക്കുകയാണെന്നും എംഎൻ കാരശ്ശേരി പറഞ്ഞു.
കെ റെയിലിനെതിരെ കവിതയെഴുതിയ റഫീക് അഹമ്മദിനെതിരെ സിപിഎം അനുകുലികൾ സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ റെയിൽ കേരളത്തിൽ വലിയ കുടിയൊഴിപ്പിക്കലിനും പാരസ്ഥിതിക പ്രശ്നത്തിനും കാരണമാകുമെന്ന് വിമർശിച്ച എഴുത്തുകാരനും പ്രഭാഷകനുമായ ഡോ എംഎൻ കാരശ്ശേരിക്കെതിരെയും പ്രചാരണം നടക്കുന്നത്.
2016 ൽ ജർമ്മനി സന്ദർശിച്ചപ്പോൾ ട്രെയിനിൽ സഞ്ചരിക്കുന്ന ഫോട്ടോ കാരശ്ശേരി ഫേസ് ബൂക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോ ഐസി ഇ എന്ന അതിവേദ തീവണ്ടിയാണെന്നും ജർമ്മനിയിൽ ആ ട്രെയിനിൽ യാത്രചെയ്യുന്ന കാരശ്ശേരിക്ക് കേരളത്തിൽ വേഗത വേണ്ടേ എന്നും ചോദിച്ചാണ് ആക്രമണം. ഇത് സാധാരണ ട്രെയിൽ മാത്രമാണെന്ന് ജർമ്മനിയിൽ അക്കാലത്തുണ്ടായിരുന്ന ചില വിദ്യാർത്ഥികൾ വിശദീകരിക്കുന്നുണ്ടെങ്കിലും കാരശ്ശേരിയുടെ എഫ്ബി പേജിൽ സൈബറാക്രമണം തുടരുകയാണ്. മറുപടിയില്ലാത്തത് കൊണ്ടാണ് വ്യകതിഹത്യ നടത്തുന്നതെന്ന് കാരശ്ശേരി പ്രതികരിച്ചു.സിപിഎം സാംസ്കാരിക പ്രവർത്തകരെ ഭീഷണിപ്പെടുത്തി പിൻമാറ്റാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.