ന്യൂഡൽഹി: നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി തടയുന്നതിനായി ചെമ്പ് ഉൽപന്നങ്ങൾ, ഡ്രമ്മുകൾ, ടിൻ കണ്ടെയ്നറുകൾ എന്നിവയ്ക്ക് ഗുണനിലവാര മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഔദ്യോഗിക പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇത്തരം ഉൽപന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) മാർക്ക് ഇല്ലെങ്കിൽ ഉൽപ്പാദിപ്പിക്കാനും വിൽക്കാനും വ്യാപാരം ചെയ്യാനും ഇറക്കുമതി ചെയ്യാനും സ്റ്റോക്ക് ചെയ്യാനും കഴിയില്ല.
വൈദ്യുതോൽപ്പാദനം, പവർ ട്രാൻസ്മിഷൻ, ടെലികമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ സർക്യൂട്ടുകൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ ചെമ്പും അതിന്റെ അലോയ്കളും ഉപയോഗിക്കുന്നുണ്ട്. അതുപോലെ ഡ്രമ്മുകളും ടിന്നുകളും അടിസ്ഥാനപരമായി വിഷലിപ്തവും കത്തുന്നതും അപകടകരവുമായ പദാർത്ഥങ്ങൾ കൊണ്ട് നിർമിച്ചതുമായതിനാൽ ഏതെങ്കിലും തരത്തിലുള്ള ചോർച്ച, മായം, തീപിടുത്തം എന്നിവ ഉണ്ടാവാനുള്ള സാധ്യയേറെയാണ്. മാലിന്യ സംസ്കരണം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളിൽ അവ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഡ്രമ്മുകളും ടിന്നുകളും നല്ല ഗുണനിലവാരമുള്ളതായിരിക്കണം. അതിനാൽ ചെമ്പ് ഉൽപന്നങ്ങൾ മികച്ച ഗുണനിലവാരമുള്ളതായിരിക്കണം. ഒരു കാരണവശാലും അതിൽ വിട്ടുവീഴ്ച ചെയ്യരുത്.
ഡ്രംസ് ആൻഡ് ടിൻസ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ 2023, ചെമ്പ് ഉൽപന്നങ്ങളുടെ (ഗുണനിലവാര നിയന്ത്രണം) ഉത്തരവ് 2023, എന്നിവയുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ഒക്ടോബർ 20ന് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവുകൾ വിജ്ഞാപനം പ്രസിദ്ധീകരിച്ച തിയതി മുതൽ ആറ് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ഡി.പി.ഐ.ഐ.ടി അറിയിച്ചു.
ചെറുകിട വ്യവസായങ്ങൾക്ക് സമയപരിധിയിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങൾക്ക് മൂന്ന് മാസമാണ് കാലാവധി. ബി.ഐ.എസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ രണ്ട് വർഷം വരെ തടവോ കുറഞ്ഞത് 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പിഴ ലഭിക്കാം. അതല്ലെങ്കിൽ സാധനങ്ങളുടെ മൂല്യത്തിന്റെ 10 മടങ്ങ് വരെ നൽകേണ്ടിവരും. ഉപയോക്താക്കൾക്കും നിർമാതാക്കൾക്കുമിടയിൽ ഗുണനിലവാര സംവേദനക്ഷമത വികസിപ്പിക്കുന്നതിന് വിവിധ സംരംഭങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റിംഗ് ലാബുകളുടെ വികസനം, ഉൽപ്പന്ന മാനുവലുകൾ, ടെസ്റ്റ് ലാബുകളുടെ അക്രഡിറ്റേഷൻ എന്നിവയ്‌ക്കൊപ്പം ഈ സംരംഭങ്ങൾ രാജ്യത്തെ ഗുണനിലവാരമുള്ള ഒരു ആവാസവ്യവസ്ഥയുടെ വികസനത്തിന് സഹായിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.