ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറിൽ 47 ലക്ഷം രൂപയുടെ അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകളുമായി ഒരാള്‍ പിടിയില്‍. പ്രതിയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ആദായ നികുതി വകുപ്പിനെ അറിയിച്ചതായി ഗ്വാളിയോര്‍ എസ്പി പറഞ്ഞു. 2016 നവംബർ 8 ന് അസാധുവാക്കിയ കറന്‍സി നോട്ടുകളുമായാണ് യുവാവ് പിടിയിലായത്. 500 രൂപയുടെ 12 കെട്ടുകളും 1000 രൂപയുടെ 41 കെട്ടുകളുമാണ് പിടികൂടിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലുടനീളം വ്യാപക തെരച്ചിൽ നടക്കുകയാണ്. തിങ്കളാഴ്ച ഗ്വാളിയോറില്‍ നടത്തിയ തെരച്ചിലിനിടെയാണ് മൊറേന ജില്ലയിൽ നിന്നുള്ള പ്രതി പിടിയിലായത്.
സീനിയർ പൊലീസ് സൂപ്രണ്ട് രാജേഷ് സിംഗ് ചന്ദേൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞതിങ്ങനെ- “പ്രതി മൊറേനയിൽ നിന്ന് വരികയായിരുന്നു. ഗ്വാളിയോറില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇത്രയധികം നിരോധിത നോട്ടുകള്‍ എങ്ങനെ കൈവശം വന്നു എന്നറിയാന്‍ പ്രതിയെ ചോദ്യംചെയ്യുകയാണ്”.
നോട്ട് മാറ്റിക്കിട്ടുമോ എന്ന് ചോദിച്ച് തന്നെ ഒരാള്‍ സമീപിച്ചു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇയാൾ എവിടെ നിന്നാണ് കറൻസി കൊണ്ടുവന്നതെന്നും എവിടേക്കാണ് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നവംബർ 17നാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 230 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഒരു ഘട്ടമായി മാത്രം നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഡിസംബർ മൂന്നിന് നടക്കും. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പരിശോധന ഇനിയും തുടരുമെന്ന് എസ്പി അറിയിച്ചു.