ദോഹ: ഗസ്സയിൽ നിരപരാധികളെ കൊന്നൊടുക്കികൊണ്ട് ഇസ്രായേലിന്റെ നരനായാട്ട് തുടരുന്നതിനിടെ അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതക്കെതിരെ ആഞ്ഞടിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണം എല്ലാ അതിർവരമ്പുകളും ലംഘിച്ചതായും, അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ കൂട്ടക്കൊലക്ക് പച്ചക്കൊടി നൽകരുതെന്നും അമീർ ശൂറാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്നറിയിപ്പ് നൽകി. ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധം ആഴ്ചകൾ പിന്നിട്ടിട്ടും ശമനമില്ലാതെ ഏകപക്ഷീയമായി തുടരുന്നതിനിടയിലാണ് വിഷയത്തിൽ അടിയന്തിരമായി ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഖത്തർ അമീർ രംഗത്ത് വന്നത്.
‘അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ കൂട്ട നരഹത്യക്ക് നിരുപാധിക പിന്തുണ നൽകുന്നത് അംഗീകരിക്കാനാവില്ല. ഹമാസിനെതിരായ സൈനിക നടപടി എന്ന പേരിൽ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയായ ഗസ്സയിൽ ഇസ്രായേൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികൾക്കെതിരെ നടത്തുന്ന ക്രൂരമായ ബോംബാക്രമണത്തിൽ നിശ്ശബ്ദത പാലിക്കാൻ കഴിയില്ല’ -രൂക്ഷമായ വാക്കുകളിൽ അമീർ വ്യക്തമാക്കി.അന്താരാഷ്ട്ര സമുഹത്തിന്റെ ഇരട്ടത്താപ്പിനെയും എല്ലാ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് തുടരുന്ന ഉപരോധങ്ങളെയും അമീർ വിമർശിച്ചു.