മുംബൈ: ഔറംഗബാദിൽ പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി കൊലപ്പെടുത്തി. കൃതി (19) ആണ് കൊല്ലപ്പെട്ടത്. അമ്മയാണ് കഴുത്തറുക്കാൻ മകളെ പിടിച്ചുവച്ചതെന്ന് പോലീസ് പറഞ്ഞു. വെട്ടിയെടുത്ത തലയുമായി തെരുവിൽ നടന്നശേഷമാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്. സംഭവത്തിൽ അമ്മയെയും മകനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇഷ്‌ടപ്പെട്ട ആളെ കൃതി വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂണിലായിരുന്നു വിർഗോവനിലുള്ള യുവാവുമായി കൃതിയുടെ വിവാഹം.
സംസാരിക്കണമെന്ന് പറഞ്ഞ് അമ്മയും സഹോദരനും ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇവർക്ക് ചായ ഉണ്ടാക്കുന്നതിനിടയിലാണ് കൊലപ്പെടുത്തിയത്. അമ്മ പിറകിൽനിന്ന് കാലിൽ പിടിച്ചുവച്ചശേഷം സഹോദരൻ കത്തികൊണ്ട് കഴുത്ത് അറുക്കുകയായിരുന്നു. വെട്ടിമാറ്റിയ തലയുമായി ഇവർ സെൽഫിയെടുത്തതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
			











                