ഭോപ്പാല്‍: മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര ഹേമമാലിനിയുടെ പേര് പരാമര്‍ശിച്ച് നടത്തിയ പ്രസ്താവന വിവാദത്തില്‍. സ്വന്തം പാര്‍ട്ടിയിലെ എംപിയെപ്പോലും മന്ത്രി വെറുതെ വിടുന്നില്ലെന്നും സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നടത്തിയതെന്നുമാണ് വിമര്‍ശനം. നരോത്തം മിശ്ര ദാതിയയില്‍ ഒരു പൊതുപരിപാടിയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. ദാതിയയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു നരോത്തം മിശ്ര- “സാംസ്‌കാരിക പരിപാടികൾ മാത്രമല്ല സംഘടിപ്പിച്ചത്, ഹേമമാലിനിയെ വരെ കൊണ്ടുവന്ന് നൃത്തം ചെയ്യിച്ചു. അത്രയധികം വികസനം ദാതിയയില്‍ കൊണ്ടുവന്നു.”
പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസും ജനതാദള്‍ യുണൈറ്റഡും രംഗത്തെത്തി. ഹേമമാലിനി ബിജെപി എംപിയാണ്. സ്വന്തം പാർട്ടിയുടെ എംപിയെപ്പോലും നരോത്തം മിശ്ര വെറുതെവിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗിന്‍റെ വിമര്‍ശനം. ബിജെപിയുടെ ബഹുമാനപ്പെട്ട മന്ത്രിയുടെ സ്ത്രീകളോടുള്ള നീചമായ പെരുമാറ്റം കാണൂ എന്ന അടിക്കുറിപ്പോടെ ദിഗ്‌വിജയ സിംഗ് സംഭവത്തിന്‍റെ ദൃശ്യം സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തു. “ലജ്ജാവഹമായ പരാമര്‍ശം. സ്വന്തം പാർട്ടിയിലെ എംപിയായ ഹേമമാലിനിയെ കുറിച്ച് വരെ മോശമായ പരാമര്‍ശം നടത്തി”- എന്നാണ് ജെഡിയു എക്സില്‍ കുറിച്ചത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നാലാം തവണയാണ് നരോത്തം മിശ്ര ദാതിയയിൽ നിന്ന് മത്സരിക്കുന്നത്. 2008, 2013, 2018 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മിശ്ര ദാതിയയിൽ നിന്ന് വിജയിച്ചു.
തന്‍റെ മണ്ഡലത്തിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെയാക്കുമെന്ന് പരാമര്‍ശം നടത്തി നേരത്തെ മധ്യപ്രദേശിലെ മറ്റൊരു ബിജെപി എംഎല്‍എ വിവാദത്തില്‍പ്പെട്ടിരുന്നു. ജബേരയില്‍ നിര്‍മിക്കുന്ന റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെ മിനുസമുള്ളതായിരിക്കുമെന്നാണ് ധര്‍മേന്ദ്ര സിങ് ലോധി എന്ന എംഎല്‍എ പറഞ്ഞത്. റോഡ് നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിലായിരുന്നു പരാമര്‍ശം. ഇപ്പോള്‍ ഏത് നടിയാണ് നന്നായി അഭിനയിക്കുന്നതെന്ന് എംഎല്‍എയോട് ആരോ സദസ്സില്‍ നിന്ന് ചോദിച്ചു. കത്രീന കൈഫ് എന്ന മറുപടി സദസ്സില്‍ നിന്നു വന്നു. എന്നാല്‍ കത്രീനയ്ക്ക് വയസ്സായി എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഈ പരാമര്‍ശത്തിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.