മുംബൈ: മുന്‍നിര ഗൃഹോപകരണ നിര്‍മാതാക്കളായ സെല്ലോ വേള്‍ഡ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന ഒക്ടോബര്‍ 30ന് ആരംഭിക്കും. 617 രൂപ മുതല്‍ 648 രൂപ വരെയാണ് പ്രതി ഓഹരി വില. നിക്ഷേപകര്‍ക്ക് ചുരുങ്ങിയത് 23 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. നവംബര്‍ ഒന്നിന് വില്‍പ്പന അവസാനിക്കും.അഞ്ച് രൂപ മുഖവിലയില്‍, കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള ഇക്വിറ്റി ഓഹരികളാണ് ഐപിഒയിലൂടെ വില്‍ക്കുന്നത്. ഇതുവഴി 1900 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗ്യതയുള്ള ജീവനക്കാര്‍ക്കായി ഒരു വിഭാഗം ഓഹരികള്‍ മാറ്റിവച്ചിരിക്കുന്നു. ഒരു ഓഹരിയില്‍ 61 രൂപയുടെ ഇളവും ജീവനക്കാര്‍ക്ക് ലഭിക്കും.
കണ്‍സ്യൂമര്‍ ഹൗസ്‌വെയര്‍, സ്റ്റേഷനറി, മോള്‍ഡഡ് ഫര്‍ണിച്ചര്‍ എന്നീ പ്രധാന വിഭാഗങ്ങളിലായി സെല്ലോ ബ്രാന്‍ഡില്‍ നിരവധി ഉല്‍പ്പന്ന ശ്രേണികളുള്ള കമ്പനി സെല്ലോ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രിയല്‍ വര്‍ക്‌സ് എന്ന പേരില്‍ 1962 ലാണ് തുടങ്ങിയത്. 2023 സാമ്പത്തിക വര്‍ഷം 29.86 ശതമാനം വര്‍ധനയോടെ 285 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.