ലണ്ടൻ∙ രാസായുധങ്ങൾ നിർമിക്കുന്നത് നിർമിത ബുദ്ധിയിലൂടെ എളുപ്പത്തിൽ സാധിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. നിർമിത ബുദ്ധിയുടെ വികാസം മനുഷ്യനു ഭീഷണിയാകുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പ്രഭാഷണത്തിലാണ് ഋഷി സുനക് ഇക്കാര്യം പറഞ്ഞത്.
‘‘നിർമിത ബുദ്ധിയെക്കുറിച്ചു പൂർണമായി മനസ്സിലാക്കേണ്ടതുണ്ട്. ജീവിതത്തിനു മാറ്റം കൊണ്ടുവരാൻ നിർമിത ബുദ്ധിക്കാകും. എന്നാൽ ആണവ യുദ്ധമുൾപ്പെടെയുള്ള ദുരന്തങ്ങൾക്കു വഴിവയ്ക്കുന്നത് ഒഴിവാക്കുന്നതിനു പ്രാധാന്യം നൽകണം. ലോകത്തിലെ ആദ്യത്തെ ‘നിർമിത ബുദ്ധി സുരക്ഷാ ഇൻസ്റ്റിറ്റ്യൂട്ട്’ ബ്രിട്ടനിൽ സ്ഥാപിക്കും.
നിർമിത ബുദ്ധി ഉപയോഗിച്ചു വളരെ എളുപ്പത്തിൽ രാസായുധങ്ങളും ജൈവായുധങ്ങളും നിർമിക്കാം. ഭീകര സംഘടനകൾക്കു നിർമിത ബുദ്ധി ഉപയോഗിച്ചു ഭയപ്പെടുത്താനും നാശമുണ്ടാക്കാനും സാധിക്കും. കുറ്റവാളികൾക്കു നിർമിത ബുദ്ധി ഉപയോഗിച്ചു സൈബർ ആക്രമണങ്ങൾ നടത്താനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വഞ്ചിക്കാനും ലൈംഗിക ചൂഷണം നടത്താനും സാധിക്കും. സമൂഹത്തിനു നിർമിത ബുദ്ധിയിലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതാണ് ഏറ്റവും ഭീകരമായ അവസ്ഥ. എന്നാൽ അങ്ങനെ സംഭവിക്കില്ലെന്നാണ് ഈ മേഖലയിലെ ചില വിദഗ്ധർ പറയുന്നത്. നിർമിത ബുദ്ധി സ്വയം നിയന്ത്രിക്കാൻ തുടങ്ങിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കും’’– ഋഷി സുനക് പറഞ്ഞു.