കൊല്ലം> സിനിമകൾക്കെതിരായ നെഗറ്റീവ് റിവ്യൂകൾ സംബന്ധിച്ച പരാതികളിൽ ഹൈക്കോടതി തീരുമാനത്തിന് അനുസരിച്ച് സർക്കാർ നടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.ഹൈക്കോടതി നിർദേശമനുസരിച്ച് പൊലീസ് ചില നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ തയ്യാറാക്കി കൈമാറി. ആയിരക്കണക്കിനുപേർ പണിയെടുക്കുന്ന മേഖലയാണിത്. അത്രയധികം പണം ചെലവഴിച്ചാണ് സിനിമകൾ നിർമിക്കുന്നത്.
നെഗറ്റീവായ കാര്യങ്ങൾ വരുന്നതോടെ കലക്ഷൻ കുറയുന്നു. ഇത് ഒടിടി ബിസിനസിനെയും ബാധിക്കുന്നു. സാമ്പത്തികമായ ചില താൽപ്പര്യങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടെന്ന പരാതിയുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ, ഒരു വ്യവസായം നിലനിൽക്കാൻ ക്രിയാത്മകമായ ചില നടപടികളെടുക്കേണ്ടതുണ്ട്. കോടതിയുടെ തീരുമാനത്തിന് അനുസരിച്ച് നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.