ന്യൂഡൽഹി> ശബരിമലയിലെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന അരവണ നീക്കംചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ. ഏലയ്‌ക്കയിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് ജനുവരിയിൽ കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞവയാണ് കെട്ടിക്കിടക്കുന്നത്.
ഹൈക്കോടതി ഉത്തരവിനെതുടർന്ന് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശാനുസരണം ഭക്ഷ്യസുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയിൽ അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തി. എന്നാൽ, മാസങ്ങളായി കെട്ടിക്കിടക്കുന്നവ വിതരണം ചെയ്യേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു. ഈ സാഹചര്യത്തിൽ ഗോഡൗണുകളിലെ അരവണ നീക്കാൻ അനുമതി നൽകുക, കീടനാശിനി സാന്നിധ്യമുള്ള ഏലയ്‌ക്ക ഉപയോഗിച്ചാണ് അരവണ തയ്യാറാക്കിയതെന്ന് ആരോപണം ഉന്നയിച്ച ഹർജിക്കാരിൽനിന്നും നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി നവംബർ ആദ്യം പരിഗണിച്ചേക്കും.