തിരുവനന്തപുരം> നൈപുണ്യ പരിശീലനത്തിലൂടെ നവവൈജ്ഞാനിക സമൂഹമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിനായി അടുത്ത വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകികൊണ്ട് നൈപുണ്യ പരിശീലനം നിർബന്ധമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അസാപ് കേരള സംഘടിപ്പിച്ച ആസ്‍പയർ 2023 മെഗാ തൊഴിൽമേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നൈപുണ്യ പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ കർമ്മ കൗശലതയും നേതൃപാടവവും വളർത്താൻ കഴിയുകയും, സർവ്വോന്മുഖ വികസനം ഉറപ്പിക്കാനും ഉതകുന്ന രീതിയിലാകും പരിഷ്‌കാരങ്ങൾ നടപ്പാക്കുക. കഴിഞ്ഞ വർഷം ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച നൈപുണ്യപരിചയ മേളയുടെ തുടർച്ചയാണ് തൊഴിൽമേള. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തി യുവജനങ്ങളെ തൊഴിൽ സജ്ജരാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനു വേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയാണ് അസാപ് എന്നും ഡോ. ആർ ബിന്ദു പറഞ്ഞു.
ദേശീയ അന്താരാഷ്‌ട്ര നിലവാരമുള്ള 20 കമ്പനികളാണ് യുവജനങ്ങൾക്ക് തൊഴിൽ നൽകാൻ സന്നദ്ധരായി മുന്നോട്ട് വന്നത്. വിവിധ ജില്ലകളിൽ നിന്നായി എഴുനൂറോളം ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു. അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്‌സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്‌കിൽ ലോൺ നൽകാനായി കൂടുതൽ ബാങ്കുകൾ മുന്നോട്ടു വരികയാണ്. അസാപ് കേരളയുമായി കൈകോർക്കാൻ എസ്ബിഐ യും എച്ച്ഡിഎഫ്സി ബാങ്കും തമ്മിൽ ധാരണയായി. ചടങ്ങിൽ എസ്ബിഐ തൃശൂർ റീജിയണൽ മാനേജർ സംഗീത ഭാസ്ക്കർ എം, എച്ച്ഡിഎഫ്സി ഗവ.ബാങ്കിങ് സ്റ്റേറ്റ് ഹെഡ് ചാർവാക വിജയൻ എന്നിവർ അസാപ് കേരള സി എം ഡി ഉഷ ടൈറ്റസുമായി ധാരണപത്രം കൈമാറി.
സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം നൈപുണ്യ പരിശീലനത്തിൽ നിന്നും പിന്നോട്ട് നിൽക്കുന്ന വലിയൊരു വിഭാഗത്തെ നൈപുണ്യ പരിശീലനത്തിന്റെ പാതയിലേക്ക് നയിക്കാൻ സ്‌കിൽ ലോണിലൂടെ സഹായകമാകും. 5000 മുതൽ ഒന്നര ലക്ഷം രൂപ വരെയുള്ള സ്‌കിൽ കോഴ്‌സുകൾക്ക് ലോൺ ലഭിക്കും. 10.5 മുതൽ 11 ശതമാനം വരെ പലിശ നിരക്കിൽ ആദ്യത്തെ 6 മാസം വരെ മൊറൊട്ടോറിയം കാലാവധിയും അതിനു ശേഷം കോഴ്സ് പൂർത്തിയാക്കി മൂന്നുവർഷം മുതൽ 7 വർഷം വരെ തിരിച്ചടവ് കാലാവധിയും സ്‌കിൽ ലോണിന്റെ പ്രത്യേകതയാണ്. കാനറാ ബാങ്കും കേരള ബാങ്കും ഇതിനോടകം തന്നെ അസാപ് കേരള കോഴ്‌സുകൾക്ക് സ്‌കിൽ ലോൺ നൽകിവരികയാണ്- മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.