ഗുവാഹതി: മുസ്‍ലിംകൾക്കിടയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചുവരികയാണെന്ന് ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) നേതാവ് ബദറുദ്ദീൻ അജ്മൽ. കവർച്ച, ബലാത്സംഗം, കൊള്ള, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ നമ്മൾ മുസ്‍ലിംകൾ ഒന്നാമതാണ് എന്നും ജയിലിൽ പോകുന്നവരുടെ കണക്കിലും നാം ഒന്നാമതാണ് എന്നുമായിരുന്നു ബദറുദ്ദീൻ അജ്മലിന്റെ പരാമർശം. ഇതിനെതിരെ വിമർശനമുയർന്നിരുന്നു. താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും മുസ്‍ലിംകളുടെ ഇടയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുകയാണെന്നും അദ്ദേഹം ആവർത്തിച്ചു. വിദ്യാഭ്യാസത്തിന്റെ അപര്യാപ്തയാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെർഫ്യൂം വ്യവസായിയായ ബദ്‌റുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫ് അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾക്കിടയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. 126 അംഗ അസം നിയമസഭയിൽ എ.ഐ.യു.ഡി.എഫിന് 15 എം.എൽ.എമാരാണുള്ളത്.”ലോകമെമ്പാടുമുള്ള മുസ്‍ലിം സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ അഭാവം ഞാൻ കണ്ടു. ഞങ്ങളുടെ കുട്ടികൾ പഠിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നില്ല. മെട്രിക്കുലേഷൻ പോലും പൂർത്തിയാക്കാൻ കഴിയുന്നില്ല എന്ന സങ്കടം കൊണ്ടാണ് ഞാൻ പറഞ്ഞത്. വിദ്യാഭ്യാസത്തിന്റെ ആവശ്യകത യുവാക്കൾക്ക് വിശദീകരിക്കാനാണ് ഞാൻ അങ്ങനെ പറഞ്ഞത്.”-പരാമർശത്തെ ന്യായീകരിച്ചുകൊണ്ട് ബദറുദ്ദീൻ അജ്മൽ പറഞ്ഞു.
ആൺകുട്ടികൾക്കും പുരുഷന്മാർക്കും പെൺകുട്ടികളെ നോക്കുമ്പോഴോ അവരുമായി ഇടപഴകുമ്പോഴോ ദുരുദ്ദേശ്യങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.
”സ്ത്രീകളെ നോക്കുമ്പോൾ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുന്നുവെന്ന് പറയുന്ന ആൺകുട്ടികളോട്, ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു, ഇസ്‌ലാം പറയുന്നതനുസരിച്ച് പെരുമാറാൻ ഉചിതമായ ഒരു മാർഗമുണ്ട്, ഞങ്ങൾ മാർക്കറ്റിലോ ഏതെങ്കിലും പൊതുസ്ഥലത്തോ പോകുമ്പോൾ സ്ത്രീകളെ കാണുമ്പോൾ നമ്മൾ തിരിഞ്ഞുനോക്കണം. അവരുടെ കുടുംബത്തിലും സ്ത്രീകൾ ഉണ്ടെന്ന് അവർ ഓർക്കണം, അമ്മയെയും സഹോദരിമാരെയും കുറിച്ച് ചിന്തിച്ചാൽ അവർക്ക് അനുചിതമായ ചിന്തകൾ ഒരിക്കലും ഉണ്ടാകില്ല,”-ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞു.
ഒക്‌ടോബർ 20 ന് അസമിലെ ഗോൾപാറ ജില്ലയിൽ നടന്ന പൂർവവിദ്യാർഥി സമ്മേളനത്തിലായിരുന്നു അജ്മൽ സമുദായത്തിന്റെ വിദ്യാഭ്യാസ പോരായ്മകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ”മുസ്‌ലിംകൾക്കിടയിലെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കുമായി അവയെ ബന്ധപ്പെടുത്തി.ആളുകൾ ചന്ദ്രനിലേക്കും സൂര്യനിലേക്കും പോകുന്നു. നമ്മൾ എങ്ങനെ ജയിലിൽ പോകണം എന്നതിനെക്കുറിച്ച് പി.എച്ച്.ഡി ചെയ്യുന്നു. ഒരു പോലീസ് സ്റ്റേഷനിൽ കയറി നോക്കൂ, ആരാണ് കേവലഭൂരിപക്ഷമെന്ന് നിങ്ങൾക്കറിയാം; അബ്ദുറഹ്മാൻ, അബ്ദുർ റഹീം, അബ്ദുൾ മജീദ്, ബദ്‌റുദ്ദീൻ, സിറാജുദ്ദീൻ, ഫക്രുദ്ദീൻ, അത് സങ്കടകരമായ കാര്യമല്ലേ?” -എന്നായിരുന്നു ബദ്‌റുദ്ദീൻ അജ്മലിന്റെ ചോദ്യം.