ഇസ്തംബുൾ: ഇസ്രായേലിനെ ഭ്രാന്തൻ രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ. ഭ്രാന്തൻ അവസ്ഥയിൽ നിന്നും ഇസ്രായേൽ എത്രയും പെട്ടെന്ന് പുറത്ത് വന്ന് ഗസ്സ മുനമ്പിലെ ആക്രമണം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇസ്രായേൽ ഗസ്സയിൽ ബോംബാക്രമണം തുടരുകയാണ്. കഴിഞ്ഞ രാത്രി അത് കൂടുതൽ ശക്തമാക്കി. വീണ്ടും സ്ത്രീകളേയും കുട്ടികളേയും നിരപരാധികളായ പൗരൻമാരേയും ലക്ഷ്യമിട്ടാണ് ആക്രമണം. ഇത് ഗസ്സയിലെ പ്രതിസന്ധി വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തങ്ങളുടെ ജീവനക്കാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗീബർസിയുസസാണ് ഇക്കാര്യം പറഞ്ഞത്. ലോകാരോഗ്യ സംഘടന ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈയൊരു സാഹചര്യത്തിൽ രോഗികളെ ഒഴിപ്പിക്കുന്നതും അവർക്ക് സുരക്ഷിതമായൊരു സ്ഥലം കണ്ടെത്തുന്നതും പ്രായോഗികമല്ല. ആംബുലൻസുകൾക്ക് രോഗികളുടെ അടുത്തേക്ക് എത്താൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഇസ്രായേലിന്റെ അധിനിവേശത്തിൽ ഇന്ന് വീണ്ടും പ്രതികരിച്ചിരുന്നു. ഗസ്സക്ക് സഹായമെത്തിക്കാനായി വെടിനിർത്തൽ വേണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടു.ഉപാധികളില്ലാതെ എല്ലാ ബന്ദികളേയും വിട്ടയക്കണം. ജീവൻരക്ഷാ മരുന്നുകളുടെ വിതരണം ഗസ്സയിൽ അനുവദിക്കണം. സ്വന്തം ചുമതലകൾ എല്ലാവരും നിർവഹിക്കണം. ഇത് സത്യത്തിന്റെ നിമിഷമാണ്. ചരിത്രം നമ്മെ വിലയിരുത്തുമെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ നരനായാട്ടിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ അവതരിപ്പിച്ച പ്രമേയം പാസായിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് നിർത്തി ഉടനടി മാനുഷികമായ താൽപര്യങ്ങൾ മുൻനിർത്തി സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു .
193 അംഗങ്ങളുള്ള ഐക്യരാഷ്ട്രസഭയിൽ 22 അറബ് രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 14 എതിർത്ത് വോട്ട് ചെയ്തു. 45 അംഗരാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഇസ്രായേലും യു.എസും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
ഫലസ്തീൻ പൗരൻമാർക്ക് എത്രയും പെട്ടെന്ന് സുരക്ഷയൊരുക്കണമെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. ഗസ്സക്ക് മാനുഷിക സഹായം നൽകണമെന്നും മനുഷ്യാവകാശ പ്രവർത്തകർക്ക് പ്രദേശത്തേക്ക് എത്താനുള്ള സൗകര്യമൊരുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. വടക്കൻ ഗസ്സയിൽ നിന്നും തെക്ക് ഭാഗത്ത് ആളുകളോട് മാറാൻ ആവശ്യപ്പെട്ടുള്ള ഇസ്രായേലിന്റെ നിർദേശം പിൻവലിക്കണം. നിർബന്ധപൂർവം ഫലസ്തീനികളെ വടക്കൻ ഗസ്സയിൽ നിന്നും മാറ്റരുതെന്നും പ്രമേയം പറയുന്നു.
യു.എസിന്റെയും കാനഡയുടേയും സമ്മർദത്തിന് വഴങ്ങി ഹമാസിനെ അപലപിച്ചും ബന്ദികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയം 55നെതിരെ 88 വോട്ടുകൾക്ക് പാസായെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ തള്ളിപ്പോയി.