ഡല്‍ഹി: ചെറുനഗരങ്ങളെ വ്യോമമാര്‍ഗം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഉഡാന്‍ പദ്ധതി ആരംഭിച്ച് ആറ് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിക്ക് കീഴില്‍ ഇതുവരെ 499 റൂട്ടുകളില്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. 13 വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി പ്രകാരം 1.3 കോടി പേര്‍ യാത്ര ചെയ്തു. ഷിംല- ഡല്‍ഹി റൂട്ടിലായിരുന്നു ആദ്യ ഉഡാന്‍ സര്‍വീസ്. വ്യോമഗതാഗത ഭൂപടത്തിലേക്ക് കൂടുതല്‍ നഗരങ്ങളെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി തുടങ്ങിയത്.
പുതിയ വിമാന കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാനും, കമ്പനികള്‍ പുതിയ വിമാനങ്ങള്‍ വാങ്ങാനും പദ്ധതി സഹായിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അവകാശപ്പെട്ടു. നാല് പുതിയ എയര്‍ലൈന്‍ കമ്പനികളാണ് പദ്ധതി പ്രകാരം സര്‍വീസ് ആരംഭിച്ചത്. ഫ്ളൈ ബിഗ്, സ്റ്റാര്‍ എയര്‍, ഇന്ത്യാവണ്‍ എയര്‍ എന്നീ വിമാന കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഹെലികോപ്റ്ററുകള്‍, സീ പ്ലെയിനുകള്‍, 3 സീറ്റ് പ്രോപ്പല്ലര്‍ വിമാനങ്ങള്‍, ജെറ്റ് വിമാനങ്ങള്‍ എന്നിവ ഉഡാന്‍ പദ്ധതിക്ക് കീഴില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ വ്യോമയാന ഗതാഗത സേവനങ്ങള്‍ എത്തിക്കാനും ഉഡാന്‍ പദ്ധതി സഹായകരമായി. യാത്ര തുടങ്ങുന്ന എയര്‍പ്പോര്‍ട്ടും ലക്ഷ്യ സ്ഥാനവും തമ്മില്‍ കുറഞ്ഞത് 600 കിലോ മീറ്റര്‍ ദൂരം വേണമെന്ന നിബന്ധന അടുത്തിടെ ഒഴിവാക്കിയിരുന്നു. ഇതോടെ പുതിയതായി പ്രവര്‍ത്തനം തുടങ്ങുന്ന എയര്‍പോര്‍ട്ടുകളിലേക്കും പെട്ടെന്ന് തന്നെ സേവനങ്ങളെത്തിക്കാന്‍ വിമാന കമ്പനികള്‍ക്ക് സാധിക്കും.രാജ്യത്തിന്റെ വിദൂര, പ്രാദേശിക മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചെറുവിമാനങ്ങളിലൂടെ ടൂറിസം മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിനും വേണ്ടിയുള്ള പ്രവർത്തനം പദ്ധതിക്ക് കീഴിൽ ആരംഭിക്കും