മറയൂര്‍: മറയൂര്‍ ചന്ദന ഇ-ലേലം 8, 9 തീയതികളിൽ നടക്കും. രണ്ട് ദിവസങ്ങളില്‍ നാല് ഘട്ടങ്ങളിലായി നടക്കുന്ന ലേലത്തില്‍ 16 വിഭാഗങ്ങളിലായി 105.446 കിലോ ചന്ദനമാണ് ഒരുക്കിയിരിക്കുന്നത്. ഇ – ലേലത്തിന്റെ ചുമതല കല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.എസ്.ടി.സി കമ്പനിക്കാണ്. രജിസ്റ്റർ ചെയ്ത് ഇന്ത്യയില്‍ എവിടെയിരുന്ന് വേണമെങ്കിലും ലേലത്തില്‍ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. ക്ഷേത്രങ്ങള്‍ക്ക് കൂടുതല്‍ താൽപര്യമുള്ള ക്ലാസ് 6 വിഭാഗത്തില്‍പ്പെടുന്ന ബഗ്റദാദ് ചന്ദനവും ഒരുക്കിയിട്ടുണ്ട്. പ്രകൃതിദത്തമായ മറയൂര്‍ ചന്ദനത്തിന് ആവശ്യക്കാര്‍ ഏറെയാണ്.
കമ്പനികള്‍ക്ക് ലേലത്തില്‍ പിടിക്കാവുന്ന തരത്തില്‍ 10 മുതല്‍ 200കിലോ ലോട്ടായും ക്ഷേത്രങ്ങള്‍ക്ക് 1 മുതല്‍ 10 കിലോ വരെയുള്ള ലോട്ടായുമാണ് ചന്ദനം തരംതിരിച്ചിരിക്കുന്നത്. ആഗസ്റ്റിൽ രണ്ടു ദിവസമായി ആകെ 1.98 കോടിരൂപയുടെ ലേലമാണ് നടന്നത്. അന്ന് പ്രമുഖ കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാതിരുന്നതാണ് ലേല തുകയില്‍ വന്‍കുറവ് വരാന്‍ കാരണമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.