തെൽഅവീവ്: കരയുദ്ധത്തിന് ഗസ്സയിൽ പ്രവേശിച്ച തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗസ്സയിൽ ചൊവ്വാഴ്ച നടന്ന പോരാട്ടത്തിൽ ഹമാസ് പോരാളികളാണ് ഒമ്പത് സൈനികരെ കൊലപ്പെടുത്തിയത്. നാല് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേൽ സൈന്യം ബുധനാഴ്ച സ്ഥിരീകരിച്ചു. രണ്ട് സൈനികരുടെ മരണം ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു.റോയിട്ടർ വാർത്താ ഏജൻസിയും ഹാരെറ്റ്സ്, യെദിയോത്ത് അഹ്‌റോനോത്ത്, മാരിവ് ഉൾപ്പെടെയുള്ള ഇസ്രായേലി ദിനപത്രങ്ങളും ഇക്കാര്യം റിേപാർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഗസ്സയിൽ ഹമാസിന്റെ ടാങ്ക് വേധ റോക്കറ്റ് ആക്രമണത്തിൽ കവചിത സൈനിക വാഹനം തകർന്നാണ് ഗിവാറ്റി ബ്രിഗേഡിലെ ഒമ്പത് സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈനിക വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏരിയൽ റീച്ച് (24), ആസിഫ് ലുഗർ (21), ആദി ദനൻ (20), ഹാലെൽ സോളമൻ (20), എറസ് മിഷ്ലോവ്സ്കി (20), ആദി ലിയോൺ (20), ഇഡോ ഒവാഡിയ (19), ലിയോർ സിമിനോവിച്ച് (19), റോയി ദാവി (20), റോയി വുൾഫ്, ലാവി ലിപ്ഷിറ്റ്സ് എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സൈന്യം ഗസ്സ മുനമ്പിൽ വ്യോമ, കര ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. കരയാക്രമണം ഇസ്രായേൽ സൈനികരുടെ അന്ത്യം കുറിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയ ഹമാസ്, ഗസ്സയിലേക്ക് അവരെ സ്വാഗതം ചെയ്യുന്നുെവന്നും അറിയിച്ചിരുന്നു.
അതേസമയം, ഗസ്സ മുനമ്പിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 8,525 ആയി ഉയർന്നു. ഇതിൽ 3,542 പേർ കുട്ടികളാണ്. 2,187 സ്ത്രീകളും ഉൾപ്പെടുന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21,543 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ 127 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1,980 പേർക്ക് പരിക്കേറ്റു.
ഗസ്സയിൽ ഇന്റർനെറ്റ് സേവനങ്ങൾ വീണ്ടും തടസ്സപ്പെട്ടതായി ഫലസ്തീൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ പാൽടെൽ അറിയിച്ചു. ഖാൻ യൂനിസിൽ കെട്ടിടങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.
ഗസ്സ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് കൊളംബിയയും ചിലിയും ഇസ്രായേലിലെ തങ്ങളുടെ അംബാസഡർമാരെ തിരിച്ചുവിളിച്ചിരുന്നു. ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തു.
കൂട്ടക്കൊല തുടരുന്ന പശ്ചാത്തലത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കെൻ വെള്ളിയാഴ്ച വീണ്ടും ഇസ്രായേൽ സന്ദർശിക്കുന്നുണ്ട്.