ദില്ലി : സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹർജിക്കാർ പുനഃപരിശോധനാ ഹർജി നൽകി. അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ വിധിക്കെതിരെയാണ് ഹർജി സമർപ്പിച്ചത്. സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളുകയായിരുന്നു. വിവാഹം മൗലിക അവകാശമല്ലെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് ഏകകണ്ഠമായി വിധിച്ചു. കുട്ടികളെ ദത്തെടുക്കാനും സ്വവർഗ്ഗ പങ്കാളികൾക്ക് അവകാശമുണ്ടാകില്ല. സ്ത്രീപുരുഷ വിവാഹങ്ങൾക്ക് മാത്രം അംഗീകാരം നല്കുന്ന പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് ഭരണഘടന വിരുദ്ധമല്ലെന്നും 3-2 ഭൂരിപക്ഷത്തിൽ കോടതി വിധിച്ചു.
സ്വവർഗ്ഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാൽ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമസാധുത നൽകാനാവില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകേണ്ടത് കോടതിയല്ല, പാർലമെൻറാണ് എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു. പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാൻ അവകാശം നല്കുന്നത്. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തൻറെ വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ജസ്റ്റിസ് എസ്കെ കൗൾ ഇതിനോട് യോജിച്ചു. എന്നാൽ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവർ ചീഫ് ജസ്റ്റിസിൻറെ നിലപാട് തള്ളി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം സ്വവർഗ്ഗ പങ്കാളികൾക്ക് നൽകാനാവില്ലെന്നും മൂന്ന് ജഡ്ജിമാർ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് നിയമസാധുത നൽകാത്തപ്പോൾ തന്നെ സ്വവർഗ്ഗ പങ്കാളികളോട് വിവേചനം ഉണ്ടാകില്ലെന്ന് കേന്ദ്രം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.