ഇംഫാല്‍: മണിപ്പുരിൽ പൊലീസ് സ്റ്റേഷന്‍ വളഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവെച്ചു. മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങിന്റെ ഓഫീസിന് സമീപമുള്ള പൊലീസ് സ്റ്റേഷനിലാണ് സംഭവം. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് പലതവണ വെടിവെച്ചു. ഇതോടെ, നഗരത്തില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പൊലീസ് സ്‌റ്റേഷനില്‍നിന്ന് ആയുധങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ആരംബയ് തെങ്കോല്‍ എന്നു പേരുള്ള പ്രാദേശിക യുവജന കൂട്ടായ്മ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത്. മോറേയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവെപ്പിൽ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ചിങ്താം ആനന്ദ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ സ്റ്റേഷനിലെത്തി ആയുധങ്ങള്‍ ആവശ്യപ്പെടുന്നതിലേക്ക് നയിച്ചത്.
തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്. ഡ്യൂട്ടിയിലായിരുന്ന ആനന്ദ് ടൗണില്‍ പുതുതായി നിര്‍മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെ വയറില്‍ വെടിയേല്‍ക്കുകയായിരുന്നു. സ്‌നൈപ്പര്‍ ആക്രമണമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്ത്യ – മ്യാന്മര്‍ അതിര്‍ത്തിയിലുള്ള മോറേ ടൗണിലാണ് അപകടം നടന്നത്. വീണ്ടും ആക്രമണം ഉണ്ടായ സാഹചര്യത്തിൽ മണിപ്പൂർ സർക്കാർ ബുധനാഴ്ച വൈകുന്നേരം ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ കർഫ്യൂ ഇളവ് രാവിലെ അഞ്ച് മുതൽ രാത്രി 10 വരെ പിൻവലിച്ചു.