എറണാകുളം: എറണാകുളം ഞാറയ്ക്കലിലെ വീട്ടമ്മയുടെയും മകന്റെയും മരണത്തിൽ ശല്യം ചെയ്ത ആള്‍ക്കെതിരെ കേസെടുത്തു. ആത്മഹത്യപ്രേരണയ്ക്കാണ് ഞാറയ്ക്കല്‍ പോലീസ് കേസെടുത്തത്. സിന്ധുവിന്റെ വീടിനുളളില്‍ പുറത്തു നിന്ന് ആരും കടന്നതിന് തെളിവില്ലെന്ന് പോലീസ്. അമ്മയ്ക്കൊപ്പം തീപൊള്ളലേറ്റ മകനും മരിച്ചതോടെ പോലീസ് വീഴ്ചയാരോപിച്ച് ബന്ധുക്കള്‍. സിന്ധുവിനെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നെ സംഘംചേര്‍ന്ന് ആക്രമിച്ചതായി സഹോദരന്‍ ജോജു ആരോപിച്ചു. നിരന്തര ശല്യക്കാരനായ അയല്‍വാസി ദിലീപിനെതിരെ നൽകിയ പരാതിയില്‍ പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തിയിരുന്നെങ്കില്‍ ഇരുവരുടേയും മരണം ഒഴിവാക്കാമായിരുന്നെന്നാണ് ബന്ധുക്കളുടെ വാദം.
അമ്മ സിന്ധുവിന് പിന്നാലെ ഇന്നലെ രാത്രി പതിനൊന്നേകാലോടെയാണ് അതുല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കിടെ മണമടഞ്ഞത്. അതുലിന് തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുനില്‍കി . ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് ഇന്നലെ അയല്‍വാസി ദിലീപ് അറസ്റ്റിലായിരുന്നു. ഇതിനിടെ ദിലീപും അതുലും തമ്മിലുള്ളതെന്ന് കരുതുന്ന ഫോണ്‍സംഭാഷണം പുറത്തുവന്നു. ദിലീപില്‍ നിന്നുള്ള ഭീഷണിയാണ് ഇരുവരുടെയും മരണത്തിലേക്ക് നയിച്ചതെന്ന് ഇന്നലതന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള പരാതിയില്‍ ഞാറയ്ക്കല്‍ പോലീസിന്റെ നടപടി തൃപ്തികരമായിരുന്നില്ലെന്ന് മരിച്ച സിന്ധുവിന്റെ സഹോദരന്‍ ജോജു ആരോപിച്ചു. മരിക്കുന്നതിന് തൊട്ട് മുൻപ് ദിലീപിന്റെ പേര് പറയുന്ന സിന്ധുവിന്റെ ശബ്ദരേഖ കുടുംബം പോലീസിന് ഇന്നലെ കൈമാറിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ദിലീപിനെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. മരിച്ച സിന്ധുവിന്റെ ഫോൺ വിശദമായി പരിശോധിക്കാനാണ് പോലീസ് നീക്കം. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.