കോഴിക്കോട്: പ്രതി പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ കൈയ്യേറ്റം. കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷന് മുന്നിൽ വച്ചായിരുന്നു സംഭവം. സുരക്ഷാവീഴ്ച്ച റിപ്പോർട്ട് ചെയ്യരുതെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു സിപിഎം പ്രവർത്തകർ വനിതാ മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. പ്രതിയെ കുറച്ച് വിവരം നൽകിയ ലോ കോളേജ് വിദ്യാർത്ഥികളുടെ പ്രതികരണം എടുക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നീട് പോലീസ് എത്തി ഇവിടെ കൂട്ടം കൂടി നിന്നവരെ വിരട്ടിയോടിച്ചു.
ഇന്ന് വൈകീട് 6,15 ഓടെയാണ് സഭവം.വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ രക്ഷപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ രണ്ട് പ്രതികളിൽ ഒരാളാണ് ഓടി രക്ഷപ്പെട്ടത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കാനുള്ള ശ്രമത്തിനിടെയാണ് ചേവായൂർ പോലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ നടന്നത്.
അറസ്റ്റിലായ പ്രതികൾക്ക് വേഷം മാറ്റാനായി പോലീസ് സൗകര്യം ഒരുക്കി. വേഷം മാറുന്നതിനിടെയാണ് പ്രതികളിലൊരാളായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ ഓടി രക്ഷപ്പെടു. സ്റ്റേഷന്റെ പിൻ ഭാഗത്തുള്ള ഇടനാഴിയിലൂടെയാണ് പ്രതി ഓടി രക്ഷപ്പെടത്. പ്രതി രക്ഷപ്പെടതിന് പിന്നാലെ ബസ് സ്റ്റാന്റും സ്റ്റേഷൻ പരിസരവും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. വെറും ഒന്നര മണിക്കൂറിനിടെ ലോ കോളേജ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടി. കോളേജ് പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ കണ്ട കോളേജിലെ വിദ്യാർത്ഥികളാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പട്രോളിങ് നടത്തുന്ന പോലീസ് സംഘം ഫെബിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പ്രതികൾ ചാടിപ്പോയെന്ന് വിവരത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയയുടെ അടിസ്ഥാനത്തിലാണ് കൊല്ലം സ്വദേശി ടോം തോമസിനെയും, തൃശൂർ സ്വദേശി ഫെബിൻ റാഫിയും പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ രഹസ്യ മൊഴി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളെ ബംഗളുരുവിലെക്കുള്ള യാത്രാ മദ്ധ്യേ പരിചയപ്പെട്ടതാണെന്നാണ് പെൺകുട്ടികളുടെ മൊഴി. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബംഗലൂരുവിലെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പെൺകുട്ടികൾ പോലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥനത്തിലാണ് പോക്‌സോ , ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി യുവാക്കൾക്കെതിരെ കേസ് എടുത്തത്.
ചിൽഡ്രൻസ് ഹോമിൽ മാനസിക പീഡനം അനുഭവിച്ചിരുന്നതായും കുട്ടികൾ പോലീസിനോട് പറഞ്ഞു. ഗോവക്ക് പോകാനായിരുന്നു പദ്ധതി. ഇനി തിരികെ ചിൽഡ്രൻസ് ഹോമിലേക്ക് പോകാൻ താല്പര്യം ഇല്ലെന്നു കുട്ടികൾ പോലീസിനെ അറിയിച്ചു. ഒരാളുടെ രക്ഷിതാവ് മകളെ വീട്ടിലേക്ക് കൊണ്ടു പോകാൻ സന്നദ്ധത അറിയിച്ചു. കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയ എടക്കര സ്വദേശിയായ യുവാവിനെ ഉടൻ ചോദ്യം ചെയ്യും. കുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്ത് കടന്നത് മറ്റാരുടെയെങ്കിലും പ്രേരണയിലാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ ചിൽഡ്രൻസ് ഹോമിലേക്ക് മാർച്ച് നടത്തി.