ബംഗളൂരു : ഏകദിന ലോകകപ്പില്‍ സെമിയില്‍ കടക്കാമെന്ന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകളുടെ ആഗ്രഹങ്ങള്‍ അസ്ഥാനത്താക്കി ന്യൂസിലന്‍ഡ്. നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത് വെറും 172 റണ്‍സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് തകര്‍ത്തത്. ലോക്കി ഫെര്‍ഗൂസണ്‍, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഇന്ന് വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ ന്യൂസിലന്‍ഡിന് എളുപ്പത്തില്‍ സെമിയില്‍ കടക്കാം.
28 പന്തില്‍ 51 റണ്‍സെടുത്ത കുശാല്‍ പെരേര മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. വാലറ്റത്ത് മഹീഷ് തീക്ഷണയുടെ (91 പന്തില്‍ പുറത്താവാതെ 39) ഇന്നിംഗ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ലങ്കയുടെ അവസ്ഥ ഇതിലും പരിതാപകരമായേനെ. ദില്‍ഷന്‍ മധുഷങ്ക (19) എയ്ഞ്ചലോ മാത്യൂസ് (16), ധനഞ്ജയ ഡി സില്‍വ (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഓപ്പണര്‍ പതും നിസ്സങ്ക (2), കുശാല്‍ മെന്‍ഡിസ് (6), സദീര സമരവിക്രമ (1), ചരിത് അസലങ്ക (8), ചാമിക കരുണാരത്‌നെ (6), ദുഷ്മന്ത (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അവസാന വിക്കറ്റില്‍ തീക്ഷണ – മധുഷങ്ക സഖ്യം 43 റണ്‍സ് ചേര്‍ത്തു. ടിം സൗത്തിക്ക് ഒരു വിക്കറ്റുണ്ട്.