തിരുവനന്തപുരം: നവ കേരള സദസ്സ് പരിപാടിക്കായി പണം വിനിയോഗിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി. തനത് ഫണ്ടിൽ നിന്ന് നിശ്ചിത പണം ചെലവഴിക്കാനാണ് അനുമതി നൽകിയത്. സംഘാടകർ ആവശ്യപ്പെടുന്ന തുക തദ്ദേശസ്ഥാപനങ്ങൾ നൽകണം. ഗ്രാമ പഞ്ചായത്തുകൾക്ക് 50,000 രൂപ വരെ ചെലവഴിക്കാമെന്നും ഉത്തരവ്. സഹകരണ വകുപ്പിന്റെ നിർദേശപ്രകാരം സഹകരണ രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഒരു ലക്ഷം രൂപ. കോർപ്പറേഷനുകൾക്ക് രണ്ട് ലക്ഷം. ജില്ലാ പഞ്ചായത്തുകൾക്ക് മൂന്ന് ലക്ഷം രൂപ വരേയും ചെലവഴിക്കാമെന്നും ഉത്തരവിൽ പറയുന്നു. പണം ചെലവഴിക്കാൻ സഹകരണ സംഘങ്ങൾക്ക് സഹകരണ രജിസ്ട്രാറും നിർദ്ദേശം നൽകി.
തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയാണ് സർക്കാർ നടപടി. നവംബർ 18 ന് മഞ്ചേശ്വരത്താണ് ജനസദസ്സിന് തുടക്കമാകുന്നത്. സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ജനസമ്പർക്കത്തിനു പുറമെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി കൂടിക്കാഴ്ച നടക്കും.