തിരുവനന്തപുരം : രാജ്യത്തുതന്നെ ആദ്യമായി രോഗം സ്ഥിരീകരിച്ച കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് രണ്ടുവയസ്സ്. ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീതിയിലാണ് ഇപ്പോള്‍ സംസ്ഥാനം. ഫെബ്രുവരി രണ്ടാം വാരത്തോടെ വ്യാപനം കുറഞ്ഞു തുടങ്ങുമെന്ന വിലയിരുത്തലാണ് ആശ്വാസം. അതേസമയം, ഔദ്യോഗിക പട്ടികയിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുന്ന എണ്ണമറ്റ മരണങ്ങള്‍ കോവിഡ് കാല നേട്ടങ്ങള്‍ പൊള്ളയെന്ന് തെളിയിക്കുകയാണ്. തൃശൂരില്‍ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് കൊറോണ സ്ഥിരീകരിക്കുമ്പോള്‍ രാജ്യം തന്നെ, ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച് കേട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളളു. മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്പോള്‍ കൊറോണ കോവിഡായി പേരുമാറി ലോകം മുഴുവന്‍ താണ്ഡവം തുടങ്ങിയിരുന്നു.
ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച റാന്നി സ്വദേശികളായ 93 കാരന്‍ തോമസും 88 കാരി മറിയാമ്മയും സുഖം പ്രാപിച്ച് വീട്ടിലേയ്ക്ക് മടങ്ങിയത് ആരോഗ്യകേരളത്തിന്റ ആത്മവിശ്വാസം കൂട്ടി. പ്രവാസികള്‍ക്ക് വീട്ടില്‍ ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറക്കല്‍ തുടങ്ങിയവയിലൂടെ കേരളം പ്രശംസ പിടിച്ചുപറ്റി. ലോക്ഡൗണ്‍, ഹോട്ട്‌സ്‌പോട്ട്, മാസ്‌ക്, സാനിറ്റൈസര്‍ എല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി. ആദ്യഘട്ടത്തിലെ കരുതല്‍ ഓണാഘോഷത്തിലും തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും കൈവിട്ടതോടെ ഒരു കൊല്ലത്തോളം കോവിഡ് ഏറിയും കുറഞ്ഞും മലയാളിയുടെ ജീവിതത്തെ വരിഞ്ഞു മുറുക്കി.
കോവിഡ് മരണക്കണക്കുകള്‍ കുറവാണെന്ന സര്‍ക്കാരിന്റെ മേനിപറച്ചില്‍ പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു ഔദ്യോഗിക പട്ടികയിലേയ്ക്ക് ഇപ്പോഴും ചേര്‍ത്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മരണങ്ങള്‍. അമ്പത്തിമൂവായിരത്തിലേറെപേരുടെ ജീവന്‍പൊലിഞ്ഞ കേരളം മരണക്കണക്കക്കില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണ്. ലോക്ഡൗണില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയ നൂറോളം പേര്‍ സ്വയം ജീവിതം അവസാനിപ്പിച്ചതും നീറുന്ന ഓര്‍മ. ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് എണ്‍പത്തിനാല് ശതമാനവും പൂര്‍ത്തിയാക്കാനായത് നേട്ടമായി. ഡിസംബറില്‍ അടങ്ങുന്നുമെന്ന് തോന്നിപ്പിച്ചതിനു പിന്നാലെയായിരുന്നു ഒമിക്രോണിന്റെ കടന്നാക്രമണം. ആദ്യ ദിനങ്ങളില്‍ ഗൗരവത്തോടെ എടുക്കാതിരുന്നതോടെ അതിവ്യാപനമായി. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും രോഗം കടുക്കാത്തത് ആശ്വാസമായി. പരിധിവിട്ടതോടെ 13 ജില്ലകളും നിയന്ത്രണങ്ങളിലാണ്. രോഗവളര്‍ച്ചാനിരക്ക് കുറഞ്ഞു തുടങ്ങിയെന്ന കണക്കുകളിലാണ് അതിജീവനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതീക്ഷകളത്രയും.