പത്തനംതിട്ട: പത്തനംതിട്ട അത്തിക്കയം പൊന്നംപാറയിൽ അച്ഛനേയും മകനേയും വെട്ടിയ പ്രതി പ്രസാദ് പിടിയിൽ. ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നാണ് പെരുനാട് പൊലീസ് ഇയാളെ പിടികൂടിയത്. പരിക്കേറ്റ സുകുമാരനും സുനിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോഴി വേസ്റ്റ് പുരയിടത്തിൽ ഇട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ആണ് അയൽവാസി ആയ പ്രസാദ് അച്ഛനെയും മകനെയും ആക്രമിച്ചത്. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് പറഞ്ഞു.
ഒക്ടോബർ അവസാന വാരത്തിൽ ആറ്റിങ്ങൽ കരിച്ചിയിൽ മാലിന്യം തോട്ടിൽ തള്ളിയ വാഹനത്തിൻ്റെ ഉടമയെ കണ്ടെത്തിയ നഗരസഭ പിഴ ചുമത്തിയിരുന്നു. 20000 രൂപയാണ് പിഴ ചുമത്തിയത്. കീഴാറ്റിങ്ങൽ ജെ പി നിവാസിൽ ജെ പ്രകാശിന്‍റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര പിക് അപ് വാഹനത്തിൽ ആണ് മാലിന്യം തോട്ടിൽ തള്ളിയത് എന്ന് നഗരസഭ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വാഹന ഉടമക്കാണ് പിഴ ചുമത്തിയത്. മാലിന്യം തോട്ടിൽ തള്ളാൻ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ആറ്റിങ്ങൽ കരിച്ചിൽ പ്രദേശത്ത് ചാക്കുകെട്ടുകളിലാക്കിയ മാലിന്യം തോട്ടിൽ തള്ളിയതിനെതുടർന്ന് ഒഴുക്ക് നിലക്കുകയും തോട് കരകവിഞ്ഞൊഴുകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.