ഗോവ : ഗോവ തെരെഞ്ഞെടുപ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗോവയില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ പ്രത്യേക ഇന്‍ഡോര്‍ പൊതുയോഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. നിലവില്‍ ബിജെപി അധികാരത്തിലുള്ള ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടക്കും. സന്ദര്‍ശന വേളയില്‍ പോണ്ട, സാന്‍വോര്‍ഡെം, വാസ്‌കോ അസംബ്ലി മണ്ഡലങ്ങളില്‍ ഒന്ന് വീതം മൂന്ന് പൊതുയോഗങ്ങളെ അമിത് ഷാ അഭിസംബോധന ചെയ്യുമെന്ന് ബിജെപി ഗോവ യൂണിറ്റ് പ്രസിഡന്റ് സദാനന്ദ് ഷേത് തനവാഡെ പറഞ്ഞു. വൈകുന്നേരം 4:30 ന് പോണ്ടയില്‍ നടക്കുന്ന ആദ്യ പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും, തുടര്‍ന്ന് 6:30 ന് സാന്‍വോര്‍ഡെമിലെ പരിപാടിയില്‍ പങ്കെടുക്കും. രാത്രി എട്ടിന് വാസ്‌കോയില്‍ അദ്ദേഹം അസംബ്ലി മണ്ഡലത്തിലെ അവസാന പൊതുയോഗം നടത്തും. ”മൂന്ന് പൊതുയോഗങ്ങളും 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി ഉള്ള സ്ഥലത്താകും നടത്തുക , ഈ പരിപാടികളില്‍ കൊവിഡ് 19 മായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിക്കും,” തനവാഡെ പറഞ്ഞു.
വാസ്‌കോയിലെ അവസാന റാലി 10 വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളില്‍ ഒരേസമയം തത്സമയ സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോണ്ട, സാന്‍വോര്‍ഡെം, വാസ്‌കോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് യഥാക്രമം രവി നായിക്, ഗണേഷ് ഗാവോങ്കര്‍, ദാജി സല്‍ക്കര്‍ എന്നിവരെയാണ് പാര്‍ട്ടി മത്സരിപ്പിച്ചത്. ഈ മാസം ആദ്യം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) പ്രഖ്യാപിച്ചതിന് ശേഷം ബിജെപിയുടെ ഏതെങ്കിലും താരപ്രചാരകന്‍ അഭിസംബോധന ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ പൊതുയോഗമാണിത്.