തിരുവനന്തപുരം : എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി എംജി സർവകലാശാല എംപ്ലോയിസ് അസോസിയേഷൻ. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു. സർവകലാശാലയിലെ ഇടത് യൂണിയൻ സജീവ പ്രവർത്തകയാണ് സിജെ എൽസി. കൈക്കൂലി വാങ്ങിയ ജീവനക്കാരി സിജെ എൽ സി ഇതിനുമുമ്പും കൈക്കൂലി വാങ്ങിയതായി സൂചനയുണ്ട്. സർവകലാശാലയിൽ ജോലി നേടിയത് എഴുത്തു പരീക്ഷ ഇല്ലാതെയാണ്. 2010ലാണ് എൽസി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയായി എത്തിയത്. പിന്നീട് 2012 സർവകലാശാലയിലെ സ്ഥിരം ജീവനക്കാരിയായി.
ഇന്നലെയാണ് എം ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി സി ജെ എൽസി പിടിയിലായത് . കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്റ്റൻറ് ആണ് സിജെ എൽസി. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ്. സർവകലാശാല ഓഫിസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റൻറ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിയിൽ നിന്ന് ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വെച്ച് കൈപ്പറ്റിയപ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.